fish

ഉഴമലയ്ക്കൽ : മാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ കണ്ടത് നുരയ്ക്കുന്ന പുഴുക്കൾ . പരുത്തിക്കുഴി മാർക്കറ്റിൽ നിന്നും ഇന്നലെ രാവിലെ സമീപത്തെ ലില്ലി എന്ന വീട്ടമ്മ വാങ്ങിയ ചൂര മീനിലാണ് പുഴുക്കളെ കണ്ടത്. കഷ്ണങ്ങളായി മുറിച്ചു വില്പന നടത്തിയ മീനിന്റെ തല ഭാഗമാണ് വീട്ടമ്മ വാങ്ങിയത്. കവറിൽ മീൻ വാങ്ങിയശേഷം വീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞാണ് മുറിക്കാനെടുത്തത്. മീനിന്റെ പുറത്ത് വെള്ള നിറത്തിലുള്ള വസ്തുക്കൾ കണ്ടതോടെ അതെന്താണെന്നറിയാൻ പരിശോധിച്ചു നോക്കുമ്പോഴാണ്‌ പുഴുക്കളെണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ ഇവർ അയൽക്കാരെ അറിയിച്ചു. മീനിന്റെ ചിത്രങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ ശേഷം ഇവരെല്ലാം ചേർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മാസങ്ങൾ പഴക്കമുള്ള മീൻ സ്ഥിരമായി ഈ മേഖലകളിൽ കൊണ്ടു വരാറുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു. ഒരേ കച്ചവടക്കാരാണ് ഗ്രാമ മേഖലയിലെ അഞ്ചോളം മാർക്കറ്റുകളിൽ മീൻ വില്പനയ്‌ക്കെത്തിക്കുന്നത്. ഓരോ മാർക്കറ്റിലും കുറച്ചുസമയം മാത്രമാണ് കച്ചവടം നടത്തുക . ഒരിടത്തെ കച്ചവടത്തിന് ശേഷം മീനുമായി തൊട്ടടുത്ത മാർക്കറ്റിലെത്തും. പരുത്തിക്കുഴി ,കാഞ്ഞിരംപാറ, അയ്യപ്പൻകുഴി ,വാലൂക്കോണം തുടങ്ങിയ മാർക്കറ്റുകളിൽ ഒരേ കച്ചവടക്കാരാണ് ഇങ്ങനെ മീൻ വിൽക്കുന്നത്. മീൻ കേടായതെന്ന് പറഞ്ഞാൽ കച്ചവടക്കാർ മോശമായ ഭാഷയിലാണ് പ്രതികരിക്കാറുള്ളതെന്നും ഇതിനാൽ മീൻ വാങ്ങാതെ മടങ്ങുകയുമാണ് പതിവെന്നും വീട്ടമ്മമാർ പറയുന്നു. ആരോഗ്യവകുപ്പ് അധികൃതരുടെ പരിശാധന ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.