തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ സംസ്ഥാന നിയമസഭയ്ക്കെതിരെ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശലംഘനത്തിന് കോൺഗ്രസ് അംഗം കെ.സി. ജോസഫ് സ്പീക്കർക്ക് നോട്ടീസ് നൽകി.
കേന്ദ്രമന്ത്രിയുടെ നടപടി നിയമസഭയുടെ അവകാശത്തിന്മേലുള്ള കൈകടത്തലും അധികാരത്തെ ചോദ്യം ചെയ്യലുമാണെന്നാണ് നോട്ടീസിലെ ആക്ഷേപം. പാർലമെന്റിന്റെ നടപടി ക്രമങ്ങൾ സംബന്ധിച്ച ശക്തർ ആൻഡ് കൗളിലെ പേജ് 293 പ്രകാരം നിയമസഭാനടപടികളെ വിമർശിച്ചുള്ള പരസ്യ പ്രസ്താവനകൾ അവകാശലംഘനത്തിന്റെ പരിധിയിൽ വരുമെന്നും നോട്ടീസിൽ ചുണ്ടിക്കാട്ടി.