തിരുവനന്തപുരം : ഇഴഞ്ഞു നീങ്ങിയ സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നഗരസഭ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പാളയം മാർക്കറ്റിലെ ട്രിഡയുടെ സ്ഥലത്ത് കച്ചവടം ചെയ്തിരുന്ന 500 കച്ചവടക്കാർക്ക് പുനരധിവാസ കേന്ദ്രം ഉടൻ ഒരുക്കും. ഫാബ്രിക്കേറ്റഡ് സ്റ്റീൽ ഉപയോഗിച്ച് കേന്ദ്രം പണിയും. കച്ചവടക്കാരെ മാറ്റിയശേഷം നവീകരണ പ്രവർത്തനങ്ങൾ തുടങ്ങാനും തീരുമാനിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മേയർ കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഗാന്ധിപാർക്ക് വഴി പദ്മനാഭസ്വാമി ക്ഷേത്രം വരെ 100മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന അടിപ്പാതവഴി ക്ഷേത്രത്തിലേക്ക് പോകുന്നതിനും 50 കച്ചവടക്കാർക്കുള്ള സൗകര്യം ഒരുക്കുന്നതിനും ആർക്കിയോളജി വകുപ്പിന്റെ അംഗീകാരം വാങ്ങുന്നതിന് മേയർ നിർദ്ദേശിച്ചു. യോഗത്തിൽ സി.ഇ.ഒ ബാലകിരൺ, സൂപ്രണ്ടിംഗ് എൻജിനിയർ എ. മുഹമ്മദ് അഷ്റഫ്, നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
മ്യൂസിയം - ആർ.കെ.ഡി റോഡിൽ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന 2.42 കോടി രൂപയുടെ പുതുക്കിയ പ്ലാനും എസ്റ്റിമേറ്റിനും അംഗീകാരം നൽകി.
ചാലയിൽ 7കോടി രൂപ മുടക്കി ട്രിഡയുടെ സ്ഥലത്ത് വെയർ ഹൗസ് നിർമ്മിച്ച് ലീസ് വ്യവസ്ഥയിൽ സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ കൈമാറുന്നതിന് തീരുമാനിച്ചു.
സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുവേണ്ടി ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർകോർപ്പറേഷൻ ഓഫീസ് പരിസരത്ത് 5കോടി രൂപ മുടക്കി നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉടൻ തുടങ്ങും
രാജാജി നഗറിൽ ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ 3 നിലകളും 250 ഓളം ഫ്ളാറ്റ് ഉൾപ്പെടുന്ന കെട്ടിട സമുച്ചയം 2.5 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തീരുമാനിച്ചു.