തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപം നടത്തുന്ന പ്രവാസികൾക്ക് ഇനി ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും തടസ്സം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.
നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. ഇതിനായി നിയമഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇനി നിഷേധാത്മക സമീപനമുണ്ടാവില്ല. ഒന്നും നടക്കില്ലെന്ന തോന്നലിൽ നിന്ന്, ഒത്തുചേർന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന മനോഭാവത്തിലേക്ക് കേരളീയർ മാറി. ഇതിന് ലോക കേരള സഭയും പ്രവാസി മലയാളികളും നൽകിയ പിന്തുണയും ഇടപെടലും ഏറെ സഹായകമായി- മുഖ്യമന്ത്റി പറഞ്ഞു. ഒറ്റത്തവണ പ്രീമിയം അടച്ചാൽ മാരക രോഗങ്ങൾക്കു ചികിൽസാ സഹായം ലഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതി പ്രവാസികൾക്കായി മൂന്ന് മാസത്തിനകം നടപ്പാക്കും. നിക്ഷേപങ്ങൾക്കും സ്വത്തിനും സംരക്ഷണം നൽകുന്നമറ്റൊരു ഇൻഷുറൻസ് പദ്ധതിയും പരിഗണനയിലാണ്
മറ്റ് പ്രഖ്യാപനങ്ങൾ:
കേരളത്തിന്റെ പ്രശ്നങ്ങളും വികസന സാധ്യതകളും ചർച്ച ചെയ്യാൻ പ്രവാസികളായ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ഈ വർഷം ഗ്ലോബൽ ഹാക്കത്തോൺ .
പ്രവാസി പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും നൈപുണ്യവും കേരള വികസനത്തിനായി ഉപയോഗിക്കുന്നതിന് പ്രത്യേക സമ്മേളനവും ചേരും. ആഗോള പ്രവാസി രജിസ്റ്റർ തയാറാക്കും.
ലോക നിലവാരത്തിലുള്ള യൂത്ത് ലീഡർഷിപ്പ് അക്കാഡമി കേരളത്തിൽ പ്രവാസികളുടെ സാമ്പത്തിക സഹായത്താൽ സ്ഥാപിക്കും.
ലോക കേരള സഭ എക്കാലത്തും നിലനിർത്തുന്നതിന് ഇതു സംബന്ധിച്ച ബിൽ കൊണ്ടുവന്ന് എത്രയും പെട്ടെന്നു നിയമമാക്കും.
ജപ്പാനിൽ നിന്നുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കാൻ ചേമ്പർ ഒഫ് കൊമേഴ്‌സ് രീതിയിലുള്ള 'ജെട്റോ'യ്ക്ക് കേരളത്തിൽ പ്രവർത്തിക്കാൻ സ്ഥലവും സൗകര്യവും ഒരുക്കും. ലീഗൽ സെൽ, അദാലത്ത് തുടങ്ങിയവ നോർക്ക സെക്രട്ടറി പരിശോധിക്കും. വിദേശഭാഷകൾ പഠിക്കാൻ സൗകര്യമൊരുക്കും.
ജയിലുകളിൽ കഴിയുന്നവരുടെ വിടുതലിനും വിമാന ടിക്കറ്റ് ചാർജ്ജ് വർദ്ധനയ്ക്കെതിരെയും ഫലപ്രദമായി ഇടപെടും.