കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടു വയസുകാരനെയും മാതാവിനെയും കാറിൽ നിന്നിറക്കിവിട്ട സംഭവത്തിൽ കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി സജിമാത്യു പൊലീസിൽ കീഴടങ്ങി. ചെമ്പഴന്തി അണിയൂർ തട്ടാംകോണം അരവിന്ദത്തിൽ രേഷ്മയ്ക്കും രണ്ട് വയസുള്ള ആരുഷിനുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി വിവരങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. സംഭവം വാർത്തയായതോടെ കാറിന്റെ ഉടമയെ കണ്ടെത്താൻ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് സജി മാത്യു കഴക്കൂട്ടം പൊലീസിൽ കീഴടങ്ങിയത്.
സംഭവം കഴിഞ്ഞ മാസം 28ന്
രേഷ്മയും ആരുഷും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ സജിമാത്യുവിന്റെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുഞ്ഞിന്റെ മുഖത്തെ പരിക്ക് ഗുരുതരമാണ്. യുവതിക്ക് കാലിനാണ് പരിക്ക്. പരിക്കേറ്റവരെ ഉപേക്ഷിച്ച് കടക്കാനായിരുന്നു കാർ ഓടിച്ചയാളുടെ ശ്രമം. അതു വഴി ബൈക്കിലെത്തിയ യുവാക്കൾ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കണമെന്ന് നിർബന്ധിച്ചപ്പോൾ മാത്രമാണ് കാർ ഓടിച്ചയാൾ അതിന് തയ്യാറായത്. കുഞ്ഞിന്റെ ചോര കാറിൽ വീഴരുതെന്ന് കാറിലുണ്ടായിരുന്ന യുവതി പറഞ്ഞത്രേ. എന്നാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ ചാവടിമുക്കിൽ ഇറക്കിവിടുകയായിരുന്നു. കാർ സാവധാനത്തിൽ ഓടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് വഴിയിൽ ഇറക്കിവിട്ടതെന്നും രേഷ്മ പറഞ്ഞു. തുടർന്ന് ആട്ടോറിക്ഷയിലാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കുഞ്ഞിനെ കഴിഞ്ഞ 30 ന് പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. തുടർന്ന് യുവതിയുടെ ഭർത്താവ് അരവിന്ദ് ബുധനാഴ്ച കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് പരാതി ഉയർന്നിരുന്നു.
മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന്
മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരത്ത് ഇരുചക്ര വാഹനത്തിൽ രണ്ട് വയസുള്ള കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഇടിച്ചിട്ട കാർ കസ്റ്റഡിയിലെടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സിറ്റി പൊലീസ് കമ്മിഷണർ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് തിരുവനന്തപുരത്ത് പരിഗണിക്കും. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.