പാറശാല: പുതുവർഷാഘോഷങ്ങൾക്കായി പണം നൽകാത്തതിനെ തുടർന്ന് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചവശനാക്കിയ ശേഷം ദേഹത്ത് ആട്ടോ കയറ്റിയിറക്കി സംഭവത്തിലെ ആട്ടോ പിടിച്ചെടുത്തു. ഗുണ്ടാ സംഘം ക്രൂരമായി ആക്രമിച്ച ശേഷം വാഹനാപകടമാണെന്ന് വരുത്തി തീർക്കുന്നതിനായാണ് സംഘത്തിൽ ഒരാളായ വിപിന്റെ ആട്ടോ സെന്തിൽ റോയിയുടെ ദേഹത്ത് കയറ്റി ഇറക്കിയത്. പിടിച്ചെടുത്ത ആട്ടോ ഇന്നലെ എത്തിയ ഫോറിൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. ആട്ടോയിൽ നിന്ന് സി.പി.എമ്മിന്റെ കൊടിയും മദ്യക്കുപ്പികളും ഗ്ലാസും കണ്ടെടുത്തു. സംഭവത്തിലെ മുഖ്യപ്രതിയും പ്രദേശത്ത് കഴിഞ്ഞ കുറേ കാലമായി നടന്നുവന്ന നിരവധി സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയുമായ പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു. ഏഴംഗ സംഘത്തിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ചില രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണയിൽ പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായും ബന്ധപ്പെട്ടവർ പറയുന്നുണ്ട്.