മലയിൻകീഴ്: വിളവൂർക്കൽ ഗവ.ആശുപത്രിക്ക് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു നൽകിയ ആംബുലൻസ് സർവീസ് നടത്താത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ പഞ്ചായത്ത് അംഗങ്ങൾ ധർണ നടത്തി. മുൻ എം.പിയായിരുന്ന എ.സമ്പത്തിന്റെ ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ വിനിയോഗിച്ചാണ് ആംബുലൻസ് വാങ്ങി നൽകിയത്. വിളവൂർക്കൽ പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങളായ എ.സജിനകുമാർ,ശശിപ്രഭ, തങ്കമണി,ജയകുമാരി,പ്രഭകുമാരി എന്നിവരാണ് ഇന്നലെ രാവിലെ 10 മുതൽ ആശുപത്രിക്കു മുന്നിൽ ധർണ നടത്തിയത്. സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.സുകുമാരൻ ധർണ ഉദ്ഘാടനം ചെയ്തു. സി.എസ്. ശ്രീനിവാസൻ,ഹരിഹരൻനായർ,സതീഷ്‌കുമാർ,കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.ആംബുലൻസ് ഡ്രൈവറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെങ്കിലും ശമ്പളം നൽകുന്നതിനുള്ള തുക കണ്ടെത്തുന്നത് സംബന്ധിച്ച തടസമാണ് നിയമന തടസത്തിന് കാരണമായി പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ആശുപത്രി വികസന ഫണ്ടിൽ നിന്ന് തുക കണ്ടെത്താനാകുമെന്നാണ് ഇടതു പക്ഷ അംഗങ്ങൾ പറയുന്നത്. ഉച്ചയ്ക്ക് 2 ന് വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാർ,സെക്രട്ടറി ലതകുമാരി,മെഡിക്കൽ ഓഫീസർ ഡോ.മാലിനി എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് തിരഞ്ഞെടുത്ത ഡ്രൈവർക്ക് നിയമന ഉത്തരവ് നൽകാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ധർണ അവസാനിപ്പിച്ചത്.