തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയ കേന്ദ്രതീരുമാനത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കേരളമെന്ന് കേട്ടാൽ ചിലർക്ക് വെറുപ്പാണ്.
ഡിസംബർ അഞ്ചിന് നടന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിലാണ് കേരളം പുറത്തായത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും വിവിധ മന്ത്രാലയങ്ങളുടെയുമടക്കം 56 അപേക്ഷകളാണ് പ്രതിരോധമന്ത്രാലയത്തിന്റെ വിദഗ്ധസമിതി പരിശോധിച്ചത്, ഇതിൽ ഇരുപത്തിരണ്ടെണ്ണം തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അധികാരത്തിലെത്തിയ ശേഷം 2018ൽ മാത്രമാണ് കേരളത്തിന് പരേഡിൽ പങ്കെടുക്കാനായത്. മികച്ച നിശ്ചലദൃശ്യത്തിന് അഞ്ച് തവണ സ്വർണമെഡൽ ലഭിച്ചിട്ടുണ്ട്. ഈ വർഷവും സംസ്ഥാനത്തെ തഴഞ്ഞതിൽ അത്ഭുതമില്ലെന്ന് മന്ത്രി ബാലൻ പറഞ്ഞു.
കേന്ദ്രതീരുമാനം സംസ്ഥാനത്തോടുള്ള അവഹേളനമാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഭരണനിർവ്വഹണത്തിലും സാംസ്ക്കാരിക മുന്നേറ്റത്തിലും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനത്തിന്റെ പ്രാതിനിധ്യം റിപ്പബ്ളിക് ദിനാഘോഷ പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നത് ബോധപൂർവ്വമാണെന്നും അതിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.