തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ തീർപ്പാകാതെ കിടക്കുന്ന പരാതികളിൽ 15 നകം നടപടി സ്വീകരിക്കാൻ പുതുതായി ചുമതലയേ​റ്റ സി​റ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇന്നലെ വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കമ്മിഷണർ നിർദ്ദേശം നൽകിയത്. സി​റ്റിയിലെ പൊലീസുദ്യോഗസ്ഥരുടെ അമിത ജോലിഭാരം കൊണ്ടുള്ള മാനസിക സംഘർഷം കുറയ്ക്കാൻ എല്ലാ സ്റ്റേഷനുകളിലും എല്ലാ മാസവും കുടുംബ സംഗമം നടത്തും. ഇത് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉറപ്പു വരുത്തണം. കൂടാതെ സ്റ്റേഷൻ പരിധിയിലെ എല്ലാ റസിഡന്റ്സ് അസോസിയേഷനുകളെയും പങ്കെടുപ്പിച്ച് ഓരോ മാസവും മീ​റ്റിംഗ് വിളിച്ച് അവരുടെ പരാതികൾ ആരായണം. പൊലീസ് നടപ്പാക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് വിശദീകരണവും നൽകണം. സ്റ്റേഷനിൽ ജോലി നോക്കുന്ന എല്ലാവർക്കും ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെ​റ്റ്‌വർക്ക് സിസ്റ്റത്തിൽ (സി.സി.​റ്റി.എൻ.എസ്) പരിശീലനം നൽകും. പരാതിയുമായി സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും കമ്മിഷണർ നിർദ്ദേശം നൽകി.