ഉള്ളൂർ: മെഡിക്കൽ കോളേജ് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറെ പാത്തോളജി വിഭാഗത്തിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം അലത്തറ ചെമ്പകവിലാസം റോഡ് പ്രണവത്തിൽ മിനിമോളെ (45) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 11ഓടെ ഭർത്താവുമായി വഴക്കിട്ട ശേഷം വീടു വിട്ടിറങ്ങിയതാണെന്ന് പറയുന്നു. ഇവരുടെ ഭർത്താവും മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് വിഭാഗം അസോസിയറ്റ് പ്രൊഫസറുമായ വിനു മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ കോളേജ് പരിധിയിലാണ് മൊബൈൽ ഉള്ളതെന്ന് കണ്ടെത്തി. തുടർന്നാണ് പാത്തോളജി ലാബിന് സമീപം കാർ കണ്ടെത്തിയത്. കാറിലെ ഡ്രൈവർ സീറ്റിൽ അബോധാവസ്ഥയിലായിരുന്നു ഇവർ. കാർ ഓണാക്കിയ നിലയിലുമായിരുന്നു. എ.സിയും പ്രവർത്തിച്ചിരുന്നു. ഒരു സിറിഞ്ച് കൈയിൽ കുത്തിപ്പിടിച്ച നിലയിലാണ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻതന്നെ അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്ഞാത മരുന്ന് സ്വയം കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അതിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാർത്ഥി പ്രണവ് ഏക മകനാണ്.