കേരള നിയമസഭയിൽ ആറ്റുനോറ്റുണ്ടായ ഏക താമരത്തരിയാണ് ശ്രീമാൻ രാജഗോപാൽജി. ദോഷം പറയരുതല്ലോ, ആറ്റുനോറ്റുണ്ടായ തരിയായത് കൊണ്ടുതന്നെ നല്ലപോലെ നോക്കിയും കണ്ടുമാണ് രാജഗോപാൽജി ജീവിച്ചു പോരുന്നത്. നടത്തത്തിലും, ജൂബ്ബായിലും പോലും ആ ഒരു കരുതൽ പ്രകടമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും, എന്തിനേറെപ്പറയുന്നു പിണറായി സഖാവിനുമുൾപ്പെടെ, തിരിച്ചറിയാനാകുന്നുവെന്നത് മുജ്ജന്മ സുകൃതമെന്നോ മഹാപുണ്യമെന്നോ എന്ത് വേണമെങ്കിലും ആർക്കും വിശേഷിപ്പിക്കാം. അത്തരം കാര്യങ്ങളിൽ വിശ്വസിക്കാത്തയാളായതിനാൽ പിണറായി സഖാവോ ശ്രീരാമകൃഷ്ണൻസ്പീക്കറോ അങ്ങനെ ചിന്തിക്കാറില്ല. ഭാ.ജ.പാ.യിലാണെങ്കിൽ അമിത് ഷാജിയും ന.മോ.ജിയും നമ്മുടെ കുമ്മനംജി തൊട്ട് എം.ടി. രമേശ്ജി വരെയുള്ളവരോട് കല്പിച്ചിരിക്കുന്നത്, നിയമസഭയിൽ നേമം വഴി വിരിഞ്ഞ താമരയെ നല്ലപോലെ പരിപാലിച്ചോളണമെന്നാണ്. കല്ലേപ്പിളർക്കുന്ന കല്പനയായത് കൊണ്ടുതന്നെ അവർ അത് അക്ഷരംപ്രതി പാലിച്ചുപോരാറുണ്ട്. എന്നാൽ വി.മുരളീധരൻജിക്ക് വെട്ടൊന്ന്, മുറി രണ്ട് എന്നതാണ് ശീലമെന്നത് കൊണ്ടുതന്നെ ആറ്റുനോറ്റുണ്ടായ തരിയായാലും പുരയ്ക്ക് മേൽ ചായാൻ അനുവദിക്കരുത് എന്ന നിലപാടാണ്. ആ മനസ് രാജഗോപാൽജിക്ക് തിരിച്ചറിയാനാവുമെന്നത് കൊണ്ട് അത്ര കാര്യമാക്കാറില്ല.
നിയമസഭയിൽ പൗരത്വവിരുദ്ധമെന്നോ മറ്റോ പേരിലുള്ള എന്തോ പ്രമേയം വന്നപ്പോൾ രാജഗോപാൽജി വോട്ട് ചെയ്യാനൊന്നും നിൽക്കാതെ ഒഴിഞ്ഞുപോയത് വയ്യാവേലിയെടുത്ത് തലയിൽ വയ്ക്കേണ്ടെന്ന് ചിന്തിച്ചതിനാലാണ്. 'മെല്ലെക്കരടി വരുന്നത് കണ്ടിട്ടല്ലലൊടും പുനരോടുന്നേരം, കല്ലു തടഞ്ഞു മറിഞ്ഞുടനെന്നുടെ, പല്ലുകളൊട്ടു കൊഴിഞ്ഞും പോയി...' എന്ന അവസ്ഥ എന്തിന് വെറുതെ വരുത്തിവയ്ക്കണം! ആറ്റുനോറ്റുണ്ടായ തരിയായതിനാൽ നോക്കിയും കണ്ടും വളർന്നാണല്ലോ ശീലം. അമിത് ഷാജി ചിന്തിക്കുന്നത് പോലെ മാത്രം ചിന്തിച്ചാൽ ശരിയാവില്ലെന്ന് രാജഗോപാൽജിക്കറിയാം. വരുന്നോർക്കെല്ലാം പൗരത്വമാണ് വേണ്ടതെങ്കിൽ പൗരത്വം എന്ന നിലപാടുകാരനാണ് ജി. പക്ഷേ പൗരത്വം, പൗരത്വം എന്ന് പറഞ്ഞ് പിണറായി സഖാവും ചെന്നിത്തലഗാന്ധിയും സംഘം ചേർന്ന് അമിത് ഷാജിയെ ചീത്ത വിളിക്കുന്നത് കേട്ടാൽ രാജഗോപാൽജിക്കും കോപം വരും. അതുകൊണ്ട് പൗരത്വവിരുദ്ധ പ്രമേയത്തിന്റെ ചർച്ചയിൽ നാല് വാക്ക് തിരിച്ചുപറഞ്ഞു !
രാജഗോപാൽജി പൗരത്വവിരുദ്ധ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാത്തത് അമിത് ഷാജിക്കോ ന.മോ.ജിക്കോ എതിരായി ആരും വ്യാഖ്യാനിക്കാൻ നിൽക്കരുത്. ഒരേയൊരു വോട്ട് വെറുതെ കുത്തി എന്തിന് പാഴാക്കണമെന്നോ, ഒരു വോട്ടുമായി എന്തിന് തടി കേടാക്കണമെന്നോ ചിന്തിക്കുന്നത് ഒരു കുറ്റമല്ല. രാജഗോപാൽജിയെ ശരിക്കും തിരിച്ചറിയാത്തതിനാലാണ് വി.മുരളീധരൻജി ചിലതെല്ലാം പറഞ്ഞുനടക്കുന്നത്. അത് കാര്യമാക്കേണ്ടതില്ല.
പാർട്ടി ഒരു നിലപാടെടുക്കാത്തതിനാൽ വോട്ട് ചെയ്യാൻ നിന്നില്ലെന്ന് രാജഗോപാൽജി പറയുന്നതിൽ കാര്യമില്ലാതില്ല. അങ്ങേയറ്റത്തെ ഉദാരമനസ്കനാണ് രാജഗോപാൽജി. പാർട്ടി ഒന്നും പറയാതിരിക്കുകയും മറ്രാരെങ്കിലും മിണ്ടാതിരിക്കുകയും ചെയ്താൽ ആ മിണ്ടാതിരിക്കുന്നവരെ സഹായിക്കുന്നതാണ് ജിയുടെ ശീലം. പണ്ട് ശ്രീരാമകൃഷ്ണൻ സ്പീക്കറാകുന്നേരം രാജഗോപാൽജി സ്വന്തം വോട്ട് നൽകി ദാനശീലം പ്രകടിപ്പിച്ചതാണ്. ആ വോട്ട് വേണ്ടെന്ന് ചെന്നിത്തലഗാന്ധി പറഞ്ഞതിനാലും സ്വന്തം പാർട്ടി പ്രത്യേകിച്ചൊന്നും പറയാതിരുന്നതിനാലും വോട്ട് വേണമെന്നോ വേണ്ടെന്നോ പറയാതിരുന്ന ശ്രീരാമകൃഷ്ണന് കൊടുത്തുവെന്നാണ് അന്ന് രാജഗോപാൽജി മനസ് തുറന്നത്. സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ നിയമസഭ അടുത്തിടെ പ്രമേയം പാസാക്കിയപ്പോഴും രാജഗോപാൽജി വോട്ട് ചെയ്യാതെ വിട്ടുനിൽക്കുകയുണ്ടായി. അന്നൊന്നും കാണാത്ത കുറ്റം ഇപ്പോൾ പൗരത്വവിരുദ്ധപ്രമേയം വന്നപ്പോൾ കാണുന്ന കണ്ണുകൾക്ക് മറ്റെന്തെങ്കിലും അസുഖം ബാധിച്ചതായിരിക്കും.
ചോമ്പാല ഗാന്ധി മുല്ലപ്പള്ളിക്ക് അടുത്തിടെയായി കാലമത്ര നല്ലതല്ല. ശനിയുടെ അപഹാരം നല്ലത് പോലെയുള്ളത് കൊണ്ടുതന്നെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് ചില വിദഗ്ധ ജ്യോതിഷികൾ മുന്നറിയിപ്പ് നൽകുന്നത്. കെ.പി.സി.സി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ച അന്ന് തൊട്ടാണ് ശനി പിടിമുറുക്കിയതെന്നാണ് ഇന്ദിരാഭവനിൽ കവടി നിരത്തിനോക്കിയ ജ്യോതിഷികൾ കണ്ടെത്തിയത്. പുനഃസംഘടന ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയുമില്ല എന്ന പരുവത്തിൽ നില്പാണ്. ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് ശുക്രദശയായിരുന്നു. പിന്നീട് ഉപതിരഞ്ഞെടുപ്പ് കാലമായപ്പോൾ സിക്സറടിക്കുമെന്ന് കരുതിയത്, ഡക്കാവാതെ കാക്കാനായത് ഭാഗ്യമെന്നേ പറയേണ്ടൂ. ഇപ്പോഴിതാ, കോൺഗ്രസിന്റെ ജന്മദിനത്തിൽ ത്രിവർണപതാക ഉയർത്താൻ നോക്കിയ മുല്ലപ്പള്ളിഗാന്ധിക്ക് മുന്നിൽ കൊടിയും കയറുമിതാ പൊട്ടിവീണ് കിടക്കുന്നു! സേവാദളുകാരുടെ നോട്ടപ്പിശകായിരിക്കാം. പക്ഷേ നോട്ടപ്പിശകായാലും അല്ലെങ്കിലും കണ്ടകശനി കൊണ്ടേ പോകൂ എന്നാണ് പ്രമാണം. അതുകൊണ്ട് ശനിയുടെ അപഹാരം നീക്കാൻ ഭൈരവനെ പ്രീതിപ്പെടുത്താനായി വെള്ളിയാഴ്ചകളിൽ കൂവളത്തില കൊണ്ട് ഭൈരവന് അർച്ചന നടത്തുന്നത് ഉചിതമായിരിക്കുമെന്നാണ് ചില ആസ്ഥാനജ്യോതിഷികൾ ഉപദേശിച്ചിരിക്കുന്നത്. ഭൈരവൻ ഏത് രൂപത്തിലും വരാമെന്നത് കൊണ്ടുതന്നെ സൂക്ഷിച്ചും കണ്ടും നിൽക്കുന്നത് നന്നായിരിക്കും. കെ.പി.സി.സി പുനഃസംഘടന, പൗരത്വവിരുദ്ധ സംയുക്തപ്രക്ഷോഭം എന്നിത്യാദി കാര്യങ്ങളിൽ ചെന്നിത്തലഗാന്ധി ഒരു വഴിക്ക് നീങ്ങുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ഇ-മെയിൽ: dronar.keralakaumudi@gmail.com