തിരുവനന്തപുരം : ജി.എസ്. ടിയിലെ നികുതി വെട്ടിപ്പ് തടയാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും. നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച് വർദ്ധനവ് ഉണ്ടാകാത്തതിനെ തുടർന്നാണ് ചോർച്ച തടയാൻ അത്യന്താധുനിക സങ്കേതങ്ങൾ തേടാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , മെഷീൻ ലേണിംഗ് , ഡാറ്രാ അനലിറ്രിക്സ് തുടങ്ങിയവയാണ് ഇനി നികുതി വെട്ടിപ്പുകാരെ റെഡ് ഫ്ലാഗ് ചെയ്യാൻ ഉപയോഗിക്കുക.
സംസ്ഥാന ജി.എസ്. ടി കമ്മിഷണർമാരുടെ യോഗം ജനുവരി 7ന് ഡൽഹിയിൽ ചേരുന്നുണ്ട്. മേഖലാ തലത്തിൽ പരാതി പരിഹാര സെല്ലും തുടങ്ങും. വ്യക്തിഗതമായ ആദായം മറച്ചുവയ്ക്കുക, മനപൂർവമുള്ള നികുതി വെട്ടിപ്പ്, വ്യാജ ഇൻവോയ്സ്, വ്യാജ ഇ.വേ ബിൽ എന്നിവയും തടയാൻ നടപടികളുണ്ടാകും.
നികുതി വെട്ടിപ്പ് തടയാനായി ആദായ നികുതി റിട്ടേണുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കും. കോടിക്കണക്കിന് രേഖകൾ പിരശോധിക്കാനാണ് ഡാറ്രാ അനലിറ്രിക്സ് സഹായം തേടുക.
നികുതി വരുമാനത്തിലുള്ള കുറവാണ് കർശനമായ നടപടികളെടുക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. നേരത്തെ കോർപറേറ്ര് ടാക്സിൽ ഇളവ് നൽകിയപ്പോൾ 1.45ലക്ഷം കോടി രൂപയാണ് സർക്കാരിന് നഷ്ടം വന്നത്. ഇതുവരെ 35,000 കോടി രൂപയാണ് വിവിധ സംസ്ഥാന സർക്കാരുകൾക്ക് ജി.എസ്. ടി നഷ്ടപരിഹാരമായി കേന്ദ്രം നൽകിയത്.
പരിഗണനാ നിർദ്ദേശങ്ങൾ
ഇ-ഇൻവോയിസിംഗ്
പുതിയ റിട്ടേൺ സമ്പ്രദായം
ഇ.വേബില്ലിനെ ഫാസ്ടാഗുമായി ബന്ധിപ്പിക്കുക
ആധാറിനെ ജി.എസ്. ടിയുമായി ബന്ധിപ്പിക്കുക.
ജി.എസ് ടി റിട്ടേണിംഗിന് സമാനമായി ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുക.
ജി.എസ്. ടി വെട്ടിപ്പ് ഇങ്ങനെ
വ്യാജ ഇ-വേബിൽ, ഇ വേ ബില്ലിൽ കണക്കിൽ പൊരുത്തമില്ലായ്മ
വ്യാജ ഇൻവോയിസ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്രിനായി ഇല്ലാത്തതോ, കൂട്ടിയതോ ആയ കണക്കുകൾ നൽകുക..
നികുതിയോടൊപ്പം പിഴയും നൽകണം
ഫയൽ ചെയ്ത റിട്ടേണുകളിൽ ശരിയായ വിറ്രുവരവ് കാണിക്കാത്തവർക്ക് നികുതി നിർണയത്തോടൊപ്പം പിഴയും ഈടാക്കുമെന്ന് സംസ്ഥാന ജി.എസ്. ടി കമ്മിഷണർ അറിയിച്ചു.