രംഗം ഗുരുകുലത്തിൽ എന്നും പതിവുള്ള പ്രാർത്ഥന കഴിഞ്ഞുള്ള ക്ളാസ്. ഒരന്തേവാസി അദ്ദേഹം ഈയടുത്ത കാലത്ത് വായിക്കാനിടയായ ഒരു അമേരിക്കൻ പുസ്തകത്തെപ്പറ്റി പറഞ്ഞു. നിത്യയൗവനം (Perpetual Youth) എന്നാണ് ആ പുസ്തകത്തിന്റെ പേര്. ശരീരത്തിന്റെ ഓരോ അംഗത്തിലും അപ്പോഴപ്പോഴുണ്ടാകുന്ന തേയ്മാനങ്ങളുടെ സ്വഭാവം ശാസ്ത്രീയമായി പഠിച്ച്, ശാസ്ത്രീയമായിത്തന്നെ അത് അപ്പോഴപ്പോൾ നികത്തിക്കൊണ്ടിരുന്നാൽ നിത്യയൗവനം നിലനിറുത്താം എന്ന വാദഗതിയാണ് അതിൽ അവതരിപ്പിക്കുന്നത്.
ഒറ്റനോട്ടത്തിൽ തോന്നും, ഈ വാദഗതി ശരിയാണല്ലോ എന്ന്. പക്ഷേ ഈ വാദഗതി ഉന്നയിക്കുന്ന ഗ്രന്ഥകാരൻ ഓർക്കാത്ത ഒരു കാര്യമുണ്ട്. അദ്ദേഹമോ നമ്മളോ പഠിച്ചിട്ടുള്ള ശാസ്ത്രമനുസരിച്ചല്ല ഈ ശരീരമുണ്ടായിട്ടുള്ളത് എന്ന്. ഈ ശരീരം ഏതൊരു പ്രപഞ്ചത്തിന്റെ ഭാഗമാണോ അതുണ്ടായിട്ടുള്ളതും ഈ ശാസ്ത്രമനുസരിച്ചല്ല. മറിച്ച്, ശരീരത്തിലും പ്രപഞ്ചത്തിലും കാണപ്പെടുന്ന പ്രതിഭാസങ്ങളെ വച്ചുകൊണ്ട്, നമ്മൾതന്നെ ഉണ്ടാക്കിയെടുത്ത ന്യായയുക്തിയനുസരിച്ച്, നമ്മൾ ഉണ്ടാക്കിയതാണ് ശാസ്ത്രങ്ങളെല്ലാം. അങ്ങനെ കണ്ടെത്തിയിട്ടുള്ള പ്രതിഭാസങ്ങളോ അല്പം മാത്രവും. മനുഷ്യന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്ത പ്രതിഭാസങ്ങളാണ് അധികവും. ആ സ്ഥിതിക്ക് നമ്മളുണ്ടാക്കിയെടുത്ത ശാസ്ത്രങ്ങളുടെ സാധുതയും പ്രപഞ്ചപ്രതിഭാസങ്ങളുടെ അല്പാംശത്തിന്റെ കാര്യത്തിൽ മാത്രം.
എന്തുകൊണ്ട്, എങ്ങനെ നിത്യബാല്യം നിലനിറുത്തണമെന്ന് ആലോചിച്ചില്ല ? യൗവനത്തിലാണ് രതിസുഖമുൾപ്പെടെയുള്ള വിഷയസുഖങ്ങൾ ഏറ്റവുമധികം ആസ്വദിക്കാൻ അവസരമുള്ളത്. അങ്ങനെയുള്ള യൗവനത്തെ എങ്ങനെ നിലനിറുത്താം എന്ന് ആലോചിക്കുന്ന സ്വഭാവം ആർക്കുള്ളതാണ്? ലോകസാധാരണമായ വിഷയസുഖങ്ങൾ അനുഭവിക്കാനുള്ള ദാഹം ഒരിക്കലും അടങ്ങാത്തവർക്ക്. അത്തരം സംസ്കാരമാണ് അമേരിക്കയുടെ മുഖമുദ്ര. അതിന്റെ പ്രകടഭാവമെന്ന നിലയിൽ പുറത്തുവരുന്ന ഇത്തരം പുസ്തകങ്ങൾ വായിച്ച് അതിൽ കുടുങ്ങിപ്പോകുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടി വരുന്നുണ്ട്.
ജീവശാസ്ത്രമോ ആധുനിക വൈദ്യശാസ്ത്രമോ ഇതുവരെ കണ്ടെത്തിയിട്ടില്ല, വാർദ്ധക്യം പ്രാപിക്കുന്നതിലെ ശരീരശാസ്ത്രപരമായ രഹസ്യം. എത്ര ശാസ്ത്രീയമായി പോഷകാഹാരം നൽകിയാലും, പ്രായമാകുമ്പോൾ ശരീരം ക്ഷയിക്കുകതന്നെ ചെയ്യുമെന്ന് ഏവർക്കുമറിയാം. ഈ ക്ഷയം സംഭവിക്കുന്നതനുസരിച്ച്, ശരീരത്തിന് പോഷകാംശം ഉൾക്കൊള്ളാനുള്ള കഴിവും കുറയും.
പ്രകൃതി നിശ്ചയിച്ചിരിക്കുന്ന ജീവിതവ്യവസ്ഥയെ തകിടം മറിക്കാനല്ല, മനുഷ്യനന്മയിൽ താത്പര്യമുള്ള ശാസ്ത്രജ്ഞന്മാർ ചെയ്യേണ്ടത്. പ്രകൃതിനിയമങ്ങൾക്കനുഗുണമായി മനുഷ്യജീവിതത്തെ നിലനിറുത്തി, ജീവിതത്തെ ശാന്തിയും സമാധാനവും നിറഞ്ഞതാക്കാൻ സഹായിക്കുകയാണ് ശാസ്ത്രങ്ങൾ ചെയ്യേണ്ടത്. ഇതിനു നേരേ വിപരീതമായ ചിന്തയിൽ നിന്ന് രൂപം കൊള്ളുന്നതാണ് മേല്പറഞ്ഞ തരം ശാസ്ത്രസ്വപ്നങ്ങൾ. പുസ്തകമെഴുതിയ മാന്യനും ഇതിനകം വാർദ്ധക്യം പ്രാപിച്ചിട്ടുണ്ടാവും !