tears

തിരുവനന്തപുരം: കുടുംബ കാേടതികളിൽ നിറുത്താതെ പെയ്യുന്നൊരു മഴയുണ്ട്, കണ്ണീർ മഴ. ബന്ധങ്ങൾ നിയമപരമായി വേർപ്പെടുത്തിക്കഴിയുമ്പോൾ കോടതിയിൽ നിന്നിറങ്ങുന്ന സീനുകളിൽ കണ്ണീർ മഴ പതിവാണ്. വാശിയും വൈരാഗ്യവും അപ്പുറവും ഇപ്പുറവും നിന്ന് തുടികൊട്ടി നേടിയെടുത്ത വിവാഹമോചനം കണ്ണീർമഴയുടെ അകമ്പടിയോടെയാണ് പടിയിറങ്ങുന്നത്. അത് കണ്ടുനിൽക്കുക അത്ര എളുപ്പമല്ല.

എന്നാൽ, ഇതിന് നേർവിപരീതമായി ചിരിച്ച് രസിച്ച് അങ്കം ജയിച്ച സന്തോഷത്തോടെ ഇറങ്ങിപ്പോകുന്നവരുമുണ്ട്. ഭൂരിപക്ഷം കേസുകളിലും വിലാപത്തിന്റെ കാറ്റാണ് വീശുന്നത്. ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ, ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ അധികം വിവാഹമോചനങ്ങൾക്ക് പിന്നിലും. പക്ഷേ, ചിന്തിക്കുന്നില്ല. സംഭവിക്കുന്നതോ വരാനിരിക്കുന്ന വലിയ മോഹഭംഗങ്ങൾ. വിവാഹമോചനം നേടുന്നവരിലധികവും വീണ്ടും വിവാഹം കഴിക്കുന്നവരാണ്. അതല്ലാതെ ഇനി വിവാഹം വേണ്ടെന്ന് വച്ചിരിക്കുന്നവർ കുറവാണ്.

ഒരു പരാജയത്തിൽ നിന്ന് മറ്റൊരു വിജയമാണ് സ്വപ്നം കാണുന്നത്. അങ്ങനെ വീണ്ടും വിവാഹിതരാകുന്നവരുടെ രണ്ടാം വിവാഹവും തകർന്നാലുണ്ടാകുന്ന അവസ്ഥയൊന്ന് ചിന്തിച്ച് നോക്കിയേ. ഇത് വേണ്ടായിരുന്നു, ആദ്യ ബന്ധം മതിയായിരുന്നു എന്ന് തോന്നുന്നത് അപ്പോഴാണ്. അങ്ങനെയുള്ള കഥയും ചിലർക്ക് പറയാനുണ്ട്.

രണ്ടാം കെട്ടും തകർന്നടിയുമ്പോൾ ആരെയാണ് കുറ്റം പറയുക? അവനെയോ, അവളെയോ? അതും വിവാഹമോചനത്തിൽ കലാശിച്ചാലോ..? അപ്പോഴും എന്തുകൊണ്ടാണ് ബന്ധങ്ങൾ തകരുന്നത് എന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നില്ല.

ജീവിതം ഒന്നേയുള്ളൂ. ആ ഒറ്റ ജീവിതത്തിൽ പല ജീവിതങ്ങൾ. ഒന്നിലധികം ഭർത്താവും ഒന്നിലധികം ഭാര്യമാരും നിയമപരമായി ആ ജീവിതത്തിൽ കടുന്നു വരുന്നു. പലതിനും പല സ്വഭാവങ്ങളും രീതികളും. ഇതിലൊന്നും തൃപ്തിപ്പെടാതെ വരുമ്പോൾ വീണ്ടും കെട്ട് മുറിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നു. കേരളത്തിന്റെ വിവാഹ ജീവിത സങ്കല്പവും ജീവിതവും ആ രീതിയിലേക്ക് മാറുകയാണോ? വിദേശികളുടെ സംസ്കാരം കേരളത്തിന്റെ ജീവിതത്തേയും ബാധിക്കുന്നവോ?

ആ കുട്ടികളുടെ വേദന

ബന്ധം ഉപേക്ഷിച്ച് പോകുന്നവരിലധികംപേർക്കും വേദനയായി നിൽക്കുന്നൊരു കാര്യമുണ്ട്. ആ ബന്ധത്തിൽ ജനിച്ച കുട്ടികൾ. ഭാര്യയുടെയോ, ഭർത്താവിന്റെയോ ബന്ധം നിയമപരമായി മുറിച്ച് മാറ്റാം. പക്ഷേ, സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിന്റെ ബന്ധം എങ്ങനെയാ മുറിക്കാൻ പറ്റുക. അത് എക്കാലവും മനസിൽ ഉണങ്ങാത്ത മുറിവുകളായി വേദനിപ്പിച്ചുകൊണ്ടിരിക്കും. ആ കുട്ടി വളർന്ന് വരുമ്പോൾ അതിൻെറ മുഖമെങ്ങനെയായിരിക്കും എന്ന് കാണാൻ കൊതിക്കാത്ത ഹൃദയമുള്ള മാതാപിതാക്കൾ അപൂർവമായിരിക്കും.

കേരളത്തിൽ ഇങ്ങനെയുള്ള കുട്ടികളുടെ എണ്ണം വലിയ തോതിൽ കൂടുന്നു എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. അച്ഛൻ, അല്ലെങ്കിൽ അമ്മയില്ലാത്ത കുട്ടിയായി അവർ വളരുന്നു. എന്റെ അച്ഛൻ ആരാണമ്മേ എന്ന് മകൻ അല്ലെങ്കിൽ മകൾ ചോദിച്ചാൽ മിണ്ടാതിരുന്നോ എന്ന് ശാസിക്കുന്ന അമ്മമാർക്ക് മുന്നിൽ ഉത്തരം ശ്വാസം മുട്ടലായി മാറുന്നുവെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്.

ആരെയാണ് ഇഷ്ടം

സ്കൂൾ സർട്ടിഫിക്കറ്റുകളിൽ അച്ഛന്റെ സ്ഥാനത്ത് ഒരു വീർപ്പുമുട്ടൽ ഇത്തരം കുട്ടികൾ അനുഭവിക്കുകയാണ്. ഇതെനിക്ക് എൻെറ അച്ഛൻ വാങ്ങിത്തന്നതാണെന്ന് തൊട്ടടുത്ത ബഞ്ചിലിരിക്കുന്ന കുട്ടി പറയുമ്പോൾ തനിക്ക് അതിനുള്ള ഭാഗ്യമില്ലല്ലോ എന്ന് നെഞ്ചുരുകി വിഷമിക്കുന്ന കുട്ടിയുടെ മനസ് ആര് കാണാൻ? അച്ഛനും അമ്മയും സ്വന്തം സുഖംതേടി ബന്ധത്തെ വെട്ടിമുറിച്ചപ്പോൾ കുട്ടികളുടെ മാനസിക അവസ്ഥ കാണുന്നില്ല. അച്ഛനെയാണോ, അമ്മയെയാണോ ഇഷ്ടം എന്ന് മക്കളോട് ചോദിക്കാത്ത മാതാപിതാക്കൾ വിരളമാണ്. ഒരുരസത്തിനെങ്കിലും അങ്ങനെ ചോദിക്കും. രണ്ട്പേരുമാണ് ഇഷ്ടം എന്നാണ് അധികം കുട്ടികളും പറയുക. ചിലർ പറയും അച്ഛനെയാണെന്ന്, പിന്നെ പറയും അമ്മയേയാണെന്ന്. രണ്ടുപേരെയും ഇഷ്ടം എന്ന് ഒടുവിൽ കുട്ടി പറയുന്നത് രണ്ടുപേരുടെയും സനേഹം ഒരുപോലെ ഉണ്ടായിരിക്കണമെന്നുള്ളതുകൊണ്ടാണ്. ഇനി അങ്ങനെ ചോദിക്കരുതെന്ന് പറയുന്ന കുട്ടികളുമുണ്ട്. അങ്ങനെയൊരു ചോദ്യമേ കുട്ടി ഇഷ്ടപ്പെടുന്നില്ലെന്ന് അർത്ഥം. അതാണ് കുട്ടികളുടെ മനസ്. അങ്ങനെ സ്നേഹിച്ചും സ്നേഹിപ്പിച്ചും വളരേണ്ട കുഞ്ഞു മനസുകളെയാണ് വിവാഹമോചനത്തിലൂടെ മാതാപിതാക്കൾ തീ കോരിയിടുന്നത്.

കാലം ഉത്തരം നൽകും

വിവാഹമോചനം നേടിയവർ എല്ലാം തിരിച്ചറിയുന്നൊരു കാലമുണ്ടാകും. കാലം കാത്തിരുന്നു നൽകുന്ന ആ കാലം ഇവരുടെ വാർദ്ധക്യമാണ്. ചെയ്തുപോയത് തെറ്റായിപ്പോയി എന്ന് തിരിച്ചറിയുന്ന നാളുകളായി അത് മാറും. തങ്ങളുടെ അനുഭവം തങ്ങളുടെ മക്കൾക്കുണ്ടാകുമോ എന്ന ആശങ്ക. അതല്ലെങ്കിൽ മകളുടെ വിവാഹം ഉറപ്പിക്കുമ്പോൾ ആദ്യകെട്ടിലുള്ളതാണ് മകൾ അല്ലെങ്കിൽ മകളെന്ന് പറയേണ്ടി വരുന്ന അവസ്ഥ. അത് സൃഷ്ടിക്കുന്ന ആഘാതം എല്ലാവരിലുമില്ലെങ്കിലും ചിലരിൽ അത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നാണ് മന:ശാസ്ത്രജ്ഞൻ ഡോ. എൽ.ആർ. മധുജൻ പറയുന്നത്.

(തുടരും)