കമ്പ്യൂട്ടറും ലാപ്ടോപ്പും മൊബൈൽ ഫോണും ആധുനിക ജീവിതത്തിന്റെ അത്യാവശ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു.
ഓഫീസിൽ ദിവസവും 8 - 10 മണിക്കൂർ വരെ മോണിറ്ററിനു മുന്നിൽ ചെലവിടുന്നവരാണ് കൂടുതലും. ഇവരിൽ കൂടുതലും വീട്ടിൽ വന്നാലും മൊബൈൽ ഫോണോ ലാപ്ടോപ്പോ വീണ്ടും ഉപയോഗിക്കാറുമുണ്ട്. ഇവയുടെ അമിത ഉപയോഗം പല ജീവിതശൈലിരോഗങ്ങൾക്കും വഴിവയ്ക്കുന്നു.
ഏറെ നേരം ഒരിടത്തുതന്നെ ഇരുന്ന് ശ്രദ്ധയോടെ ചെയ്യുന്ന ജോലിയായതിനാൽ ശരീരഘടനയേയും കണ്ണുകളേയുമാണ് ഇത് ഏറ്റവും അധികം ബാധിക്കുന്നത്. കണ്ണുകൾക്ക് കഴപ്പ്, കഴുത്തുവേദന, നടുവേദന, കൈകാൽ തരിപ്പ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ.
കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം
തലവേദന, കണ്ണ് കഴപ്പ്, കണ്ണുകളിൽ നിന്ന് വെള്ളം ഒലിക്കൽ, കണ്ണുകൾക്ക് ക്ഷീണം, വരൾച്ച എന്നിവ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്. ഇവ കൂടാതെ കഴുത്ത് വേദന, തലകറക്കം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം.
ഏറെ നേരം സ്‌ക്രീനിൽ നോക്കുന്നതിനാൽ കണ്ണുകളിൽ ഉണ്ടാകുന്ന ആയാസവും കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നുള്ള രശ്മികൾ കണ്ണിൽ പതിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളും കണ്ണുകൾക്ക് ദോഷകരമാണ്. ശ്രദ്ധയോടെ മോണിറ്ററിൽ നോക്കി ജോലി ചെയ്യുന്നതിനാൽ കണ്ണിമ വെട്ടൽ കുറയുന്നത് നേത്രപടലത്തിന്റെ പുറത്തുള്ള കണ്ണുനീർ പാളിയെ ബാധിക്കുന്നു. ഇത് കണ്ണിൽ വരൾച്ചയ്ക്ക് കാരണമായേക്കാം. എ.സി മുറികളിൽ സ്ഥിരമായി ജോലിചെയ്യേണ്ടിവരുന്നതും കണ്ണുകളിലെ വരൾച്ച കൂട്ടുന്നു.
പരിഹാരം
അധികസമയം കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ജോലിക്കിടയിൽ അല്പസമയം കണ്ണുകൾക്ക് വിശ്രമം കൊടുക്കുക. സീറ്റിൽ നിന്ന് എഴുന്നേറ്റ് മുഖം കഴുകി വരാം. ജനലിലൂടെ അല്പസമയം ദൂരേക്ക് നോക്കിയിരിക്കുന്നത് കണ്ണുകളുടെ ക്ഷീണം കുറയ്ക്കും. അല്പസമയം കണ്ണുകളടച്ച് വെറുതേയിരിക്കുന്നതും നല്ലതാണ്. എയർ കഷീഷന്റെ നേരെ താഴെയിരിക്കുന്നതും നേരെ മുഖത്തേക്ക് കൊള്ളുന്നതും ഒഴിവാക്കുക. ബോധപൂർവം ഇടയ്ക്കിടെ ഇമവെട്ടുന്നത് ശീലിക്കാം. കണ്ണുകളിൽ കണ്ണുനീർ പടരുന്നതിന് ഇത് സഹായിക്കും. നേത്രപടലത്തിനു പുറത്തുള്ള കണ്ണുനീർ പാളിയുടെ ബലം കണ്ണിൽ വരൾച്ച ഉണ്ടാകാതെ കണ്ണിനെ സംരക്ഷിക്കുന്നു. കണ്ണുകളിൽ കടുത്ത വരൾച്ച അനുഭപ്പെടുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചില തുള്ളിമരുന്നുകൾ ഉപയോഗിക്കുന്ന് ആശ്വാസം പകരും.
ഏറെ സമയം ഇരുന്ന് ചെയ്യുന്ന ജോലിയുള്ളവരിൽ വ്യായമാക്കുറവുമൂലം വളരെ നേരത്തേ തന്നെ പ്രമേഹം, കൊളസ്ട്രോൾ, ബ്ളഡ് പ്രഷർ എന്നീ രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. വ്യായാമം ചെയ്യുന്നതാണ് ഇതിന് പരിഹാരം.
ഡോ. വീണാവിശ്വം
മെഡിക്കൽ സൂപ്രണ്ട്,
അമർദീപ് ഐ കെയർ,
പേരൂർക്കട, തിരുവനന്തപുരം.
ഫോൺ: 9447195795, 0471 - 2439265.