dna-

തിരുവനന്തപുരം: ക്രൈം കേസുകളുടെ അന്വേഷണം പൂർത്തിയാക്കാൻ ഫോറൻസിക് പരിശോധനാഫലം കാത്ത് ഇനി സമയം കളയേണ്ട. വിദേശ മാതൃകയിൽ സാമ്പിളുകളിൽ നിശ്ചിത സമയത്തിനകം ഫലം ലഭ്യമാക്കാനുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓട്ടോമാറ്റിക് ഡി.എൻ.എ എക്സ്ട്രാക്ഷൻ സംവിധാനം ഫോറൻസിക് ലാബിൽ ഉടനെത്തും. അരക്കോടി രൂപ ചെലവിട്ടാണ് വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിലുള്ള അത്യാധുനിക പരിശോധനാ സംവിധാനങ്ങളടങ്ങിയ മെഷീൻ സംസ്ഥാന പൊലീസ് സ്വന്തമാക്കുന്നത്. കൊലപാതകം, പീഡനം, കവർച്ച, പോക്സോ കേസുകൾ എന്നുവേണ്ട പ്രമാദമായതോ അല്ലാത്തതോ ആയ ഏത് കേസിനും ദിവസങ്ങൾക്കകം ഫലം ലഭ്യമാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഡി.എൻ.എ തിരിച്ചറിയാൻ കേരളത്തിൽ ഉപയോഗത്തിലുള്ള പരമ്പരാഗത സമ്പ്രദായം സമയനഷ്ടത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് ഫോറൻസിക് ലാബ് നവീകരണ നടപടികളുടെ ഭാഗമായി അത്യാധുനിക ഡി.എൻ.എ നിർണയ സംവിധാനം സജ്ജമാക്കുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും കേസ് അന്വേഷണത്തിനും കുറ്റം തെളിയിക്കുന്നതിനും ശാസ്ത്രീയ പരിശോധനാഫലം നിർണായകമാകുകയും ചെയ്ത സാഹചര്യത്തിൽ നിത്യേന ഡസൻകണക്കിന് സാമ്പിളുകളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഫോറൻസിക് ലാബിലെത്തുന്നത്. മാനവ വിഭവശേഷി പരിമിതമായ ഫോറൻസിക് ഡിവിഷനിലെ ഡി.എൻ.എ പരിശോധനാ വിഭാഗത്തിൽ നിലവിൽ ഏതാണ്ട് നാലായിരത്തോളം സാമ്പിളുകളാണ് പരിശോധനയ്ക്കായി കെട്ടിക്കിടക്കുന്നത്.

പോക്സോ ആക്ടുൾപ്പെടെ ഗുരുതരമായ പല കുറ്രകൃത്യങ്ങളിലും കുറ്റവാളിയുടെ പങ്ക് തെളിയിക്കാൻ ഡി.എൻ.എ ഫലം കൂടിയേ തീരൂ. മണിക്കൂറുകളോളം സമയമെടുത്ത് അതി സൂക്ഷ്മമായി നിരീക്ഷിച്ചാണ് പൊലീസ് ഹാജരാക്കുന്ന സാമ്പിളുകളിൽ നിന്ന് ഡി.എൻ.എ കണ്ടെത്തുന്നത്.

പത്തും മുപ്പതും മണിക്കൂർ നീണ്ട പരിശോധനകൾ പലകേസുകളിലും വേണ്ടിവരും. സാമ്പിളുകളുടെ വ്യത്യാസം അനുസരിച്ച് പരിശോധനാരീതിയും വ്യത്യസ്തമാണ്. കൊലപാതകവും ദുരൂഹ മരണവും പോലുള്ള കേസുകളിൽ രാസപരിശോധനാ ഫലത്തെകൂടി ആശ്രയിച്ചാകും അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇപ്പോൾ തുടർ‌ന്നുവരുന്ന പരമ്പരാഗത പരിശോധനാ ശൈലിയിൽ ഒരു ദിവസം കഷ്ടിച്ച് ഒരു ഡസനിൽ താഴെ സാമ്പിളുകളുടെ ഫലമാണ് ലഭ്യമാകുന്നത്. സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കുംമുമ്പുള്ള പ്രീപ്രോസസ് നടപടികളുടെ കാലതാമസം കഴിച്ചാൽ ബാക്കി പരിശോധനകളെല്ലാം പുതിയ മെഷീനിൽ അതിവേഗം പൂർത്തിയാക്കാം.

മേന്മ

പാരാ മാഗ്നറ്റിക് കണികകളുടെ സഹായത്തോടുള്ള കൃത്യമായ ഫല നിർ‌ണയം.

 ഒരു സമയത്ത് രണ്ട് ഡസൻ പരിശോധനകൾ നടത്താം

 സാമ്പിളുകൾക്ക് അനുസരിച്ച് മെഷീനിൽ സമയം ക്രമീകരിക്കാമെന്നതിനാൽ ജീവനക്കാർക്ക് മറ്റ് ജോലികളിൽ ഏർപ്പെടാം.

 ബാർകോഡ് റീഡർ സംവിധാനമുണ്ട്.