budget-fund

തിരുവനന്തപുരം: 2018 ലെ മഹാപ്രളയകാലത്ത് ബ്ളോക്ക് പഞ്ചായത്തുകൾ മുൻ വർഷത്തെ പദ്ധതിവിഹിതത്തിന്റെ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന സർക്കാർ ഉത്തരവിന്റെ മറവിൽ നടന്നത് വൻ സാമ്പത്തിക തിരിമറി. അക്കൗണ്ടിൽ ചെലവഴിക്കാതെ കിടന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതായി രേഖയുണ്ടാക്കി, തുക ഉദ്യോഗസ്ഥർ കൈക്കലാക്കിയാണ് തട്ടിപ്പ്. തിരുവനന്തപുരത്ത് നേമം ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ മാത്രം 3.5 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ മറ്റ് 151 ബ്ളോക്ക് പഞ്ചായത്ത് ഓഫീസുകളിലും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തുന്ന പരിശോധയിലേ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരൂ.

പദ്ധതി വിഹിതത്തിൽ ചെലവഴിക്കാതെ ബാക്കിയുള്ള തുകയ്‌ക്ക് ഡി.ഡി എടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനായിരുന്നു 2018 സെപ്തംബറിലെ ഉത്തരവ്. ബ്ളോക്ക് ഡവലപ്മെന്റ് ഓഫീസർ ആണ് തുക കണക്കാക്കി, പണം ദുരിതാശ്വാസ നിധിക്കു കൈമാറേണ്ടിയിരുന്നത്. എന്നാൽ നേമം ബ്ളോക്ക് പഞ്ചായത്തിൽ അക്കൗണ്ടിലെ ബാക്കിയായ 3.5 ലക്ഷം രൂപ ബാങ്കിൽ നിന്ന് ചെക്ക് ഉപയോഗിച്ച് പിൻവലിച്ച ശേഷം ക്യാഷ് ബുക്കിൽ തുക എഴുതുകയും, പ്രളയ ദുരിതാശ്വാസ നിധി എന്ന് രേഖപ്പെടുത്തുകയും ചെയ്തു. കൈവശമെത്തിയ പണം ഉദ്യോഗസ്ഥർ എങ്ങനെ വീതംവച്ചുവെന്ന് അന്വേഷിക്കുന്നതേയുള്ളൂ.

പദ്ധതി വിഹിതത്തിൽ രണ്ടു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ മിച്ചം വരുന്ന ബ്ളോക്കുകളുണ്ട്. റോഡ്, പാലം, ഭവനനിർമ്മാണം ഉൾപ്പെടെ വലിയ വികസന പ്രവർത്തനങ്ങൾക്ക് വിഹിതം ലഭിക്കുന്ന ബ്ലോക്കുകളുടെ അക്കൗണ്ടിലാണ് കൂടുതൽ തുക ശേഷിക്കാറ്. നേമത്ത് നടന്നതു പോലെ പല ബ്ളോക്ക് പഞ്ചായത്തുകളിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

ഗ്രാമവികസന വകുപ്പിനു കീഴിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന്റെ ആഡിറ്റിൽ നേരത്തെ കണ്ടെത്താതിരുന്ന നേമത്തെ തട്ടിപ്പ് രണ്ടാഴ്‌ച മുമ്പ് ലോക്കൽ ഫണ്ട് ആഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് പുറത്തായത്. ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയതിന് ഡി.ഡിയുടെ കോപ്പിയോ വൗച്ചറോ ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയാതിരുന്നതോടെയാണ് കള്ളം പൊളിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ചെക്ക് ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയും തുടരന്വേഷണവും ശുപാർശ ചെയ്ത് ആഡിറ്റ് വിഭാഗം നൽകിയ റിപ്പോർട്ട് ഗ്രാമവികസന കമ്മിഷണറുടെ മേശപ്പുറത്താണ്.

ആഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കും

- എൻ. പദ്മകുമാർ

ഗ്രാമവികസന കമ്മിഷണർ