-veli

തിരുവനന്തപുരം: വേളി കായലിന്റെ കുളിർ കാറ്റേറ്റ് യാത്രചെയ്യാൻ ടൂറിസ്റ്റ് വില്ലേജിൽ മിനി ട്രെയിൻ അടുത്ത മാസം മുതൽ ഓടിത്തുടങ്ങും. ട്രാക്ക് സ്ഥാപിക്കുന്ന പണിയുടെ അറുപത് ശതമാനത്തോളം പൂർത്തിയായി. സ്റ്റേഷനുകളുടെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. ടൂറിസ്റ്റ് വില്ലേജിനെ പൊഴിക്കരയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാലത്തിന്റെ പണിയും ആരംഭിച്ചു.

കൊയിലോൺ മിനിയേച്ചർ റെയിൽവേയാണ് പാതയുടെ രൂപകൽപന നിർവഹിച്ചത്. ഊരാളുങ്കൽ ലേബർ സഹകരണ സംഘം പാതയുടെ ആദ്യ ഘട്ട നിർമ്മാണപ്രവൃത്തികൾ നടത്തി. മൂന്നു വർഷത്തെ മേൽനോട്ടം ഉൾപ്പടെ മിനി ട്രെയിനിന്റെ നിർമ്മാണ ചെലവ് ഒൻപതു കോടി രൂപയാണ്. ബ്രിട്ടീഷ് ശൈലിയിൽ അന്താരാഷ്ട്ര നിലവാരം അനുസരിച്ചുള്ള റെയിൽ സർവീസാണ് ഇവിടെ തയാറാക്കുന്നതെന്ന് കൊയിലോൺ മിനിയേച്ചർ റെയിൽവെ എം.ഡി സുനിൽ ഫ്ളാഷിനോട് പറഞ്ഞു.

ട്രെയിനുകളുടെ ബോഗികളും എൻജിനും നിർമ്മിക്കുന്നത് ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ്. ഇത് ഉടൻ വേളിയിലെത്തും. തീരപ്രദേശമായതിനാൽ പൂർണമായും സ്റ്റെയിൻലെസ് സ്റ്റീലിലാണ് ഇതിന്റെ നിർമ്മാണം. ബോഗികളിൽ പെയിന്റിംഗ് പണികൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. നാരോഗേജ് അളവിലുള്ള ട്രാക്കാണ് പണിയുന്നത്. ട്രാക്ക് കൃത്യമായ അളവിൽ ലെവൽ ചെയ്യുന്നത് ഡി.എം.ആർ.സി, റെയിൽവേ എന്നിവിടങ്ങളിൽ നിന്നും വിരമിച്ചവർ അടങ്ങുന്ന വിദഗ്ധ സംഘമാണ്. ഒരു എൻജിനും മൂന്ന് ബോഗികളും അടങ്ങുന്നതാണ് ട്രെയിൻ.

പ്രകൃതീ സൗഹൃദം

തീർത്തും പ്രകൃതി സൗഹൃദമായാണ് ട്രെയിൻ സർവീസ്. സൗരോർജ്ജം ഉപയോഗിച്ചതായിരിക്കും ട്രെയിൻ ഓടുന്നത്. പകൽ സൂര്യപ്രകാശത്തിൽ നിന്നും ബാറ്ററി ചാർജ് ചെയ്യാനാകും. ട്രെയിനിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ പാനലുകൾ ഉപയോഗിച്ചാണ് ബാറ്ററി ചാർജ് ചെയ്യുക. എൻജിൻ ഡ്രൈവറും ഗാർഡും സ്റ്റേഷൻ മാസ്റ്ററും ഉണ്ടാകും. ട്രെയിൻ പോകുന്ന ട്രാക്ക് പൂർണമായും സി.സി ടി.വി കാമറകൾ നിരീക്ഷിക്കും. ഒരു ബോഗിയിൽ 16 പേർക്ക് യാത്ര ചെയ്യാനാകും. സിഗ്‌നൽ സംവിധാനം പ്രധാന സ്റ്റേഷനിൽ നിന്ന് നിയന്ത്രിക്കും. ട്രെയിനിന് വേളിയുമായി ബന്ധപ്പെട്ട പേര് നൽകുമെന്നാണ് സൂചന.

ട്രെയിൻ പോകുന്ന വഴി

രണ്ടു സ്റ്റേഷനുകളാണ് ട്രെയിൻ സർവീസിൽ ഉള്ളത്. വേളി ടൂറിസ്റ്റ് വില്ലേജ് എന്ന സ്റ്റേഷനും പാലത്തിനു അക്കരെ പൊഴിക്കര സ്റ്റേഷനും. യാത്രക്കിടെ പൊഴിക്കര സ്റ്റേഷനിൽ അൽപ്പസമയം ട്രെയിൻ നിറുത്തിയിടും. ടൂറിസ്റ്റ് വില്ലേജ് സ്റ്റേഷനിൽ നിന്നും ട്രെയിൻ യാത്ര ആരംഭിച്ച് കെ.ടി.ഡി.സി.യുടെ ഫ്‌ളോട്ടിംഗ് ഭക്ഷണശാല കടന്ന് ഫ്‌ളോട്ടിംഗ് ബ്രിഡ്ജിനു സമാന്തരമായാണ് പാലം പണിയുന്നത്. 69 മീറ്റർ നീളം പാലത്തിനുണ്ടാവും. ഇതിലൂടെ ട്രെയിൻ പൊഴിക്കരയിലുള്ള സ്റ്റേഷനിൽ എത്തും. പൊഴിക്കര സ്റ്റേഷനിൽ എത്തിയശേഷം പുതുതായി നിർമ്മിച്ച തുരങ്കത്തിലൂടെ പാലം കടന്ന് ശംഖുംകുളം ചുറ്റി ടൂറിസ്റ്റ് വില്ലേജ് സ്റ്റേഷനിൽ എത്തിച്ചേരും.