ലോകത്തിനാകമാനം ഭീഷണിയാകും വിധം ആണവായുധങ്ങൾ സൂക്ഷിക്കുന്നു എന്നാരോപിച്ചു കൊണ്ടാണ് പതിറ്റാണ്ടുകൾക്കു മുൻപ് അമേരിക്ക ഇറാക്കിൽ ആക്രമണം അഴിച്ചുവിട്ടത്. ആ യുദ്ധത്തിന്റെ മാരകമായ കെടുതികളിൽ നിന്ന് ഇറാക്ക് മാത്രമല്ല പല അറബി രാജ്യങ്ങളും ഇനിയും മോചിതമായിട്ടില്ല. തങ്ങൾക്കു രുചിക്കാത്തതും മേധാവിത്വം അംഗീകരിക്കാത്തതുമായ ഏതു രാജ്യത്തും എന്തെങ്കിലുമൊരു കാരണമുണ്ടാക്കി സൈനിക നടപടിക്കു മുതിരുന്നത് അമേരിക്കയുടെ ശീലമാണ്. വളരെ നാളായി അമേരിക്കയുടെ കണ്ണിലെ കരടാണ് ഇറാൻ. ആണവ വിഷയത്തിൽ അമേരിക്കയെ ധിക്കരിച്ചതിന്റെ പേരിൽ ഉപരോധമുൾപ്പെടെ കടുത്ത നടപടികൾ നേരിടുന്ന ഇറാന് കൂടുതൽ ശക്തമായ ഒരു പ്രഹരം നൽകാനാണ് ചാരത്തലവൻ ഖാസിം സുലൈമാനിയെ ആകാശാക്രമണത്തിൽ വധിച്ചതിലൂടെ അമേരിക്ക ശ്രമിച്ചതെന്നു വ്യക്തമാണ്. അമേരിക്കയുടെ മാത്രമല്ല ഇസ്രയേലിന്റെയും സൗദി അറേബ്യയുടെയുമൊക്കെ നോട്ടപ്പുള്ളിയായിരുന്ന സുലൈമാനിയെ വകവരുത്തിയതിലൂടെ ഇറാനുമായി പരസ്യമായ ഒരു ഏറ്റുമുട്ടലിനു വഴിതേടുകയാണ് അവർ. ഇറാൻ സൈന്യമായ റവല്യൂഷണറി ഗാർഡിൽ മേജർ ജനറൽ പദവി വഹിക്കുന്ന സുലൈമാനി വിദേശത്തെ രഹസ്യ ദൗത്യങ്ങൾക്കുള്ള ഇറാന്റെ ചാരവിഭാഗമായ ഖുദ്സ് സേനയുടെ മേധാവിയുമായിരുന്നു. ഇറാൻ ജനതയ്ക്കിടയിൽ വീരപരിവേഷമായിരുന്നു സുലൈമാനിക്ക്. മുമ്പും നിരവധി തവണ വധശ്രമങ്ങളെ അതിജീവിച്ചിട്ടുള്ള സുലൈമാനി ഇക്കുറി ഇറാക്കിലെ ബാഗ്ദാദ് വിമാനത്താവളത്തിൽ വച്ചുണ്ടായ അമേരിക്കയുടെ അതിസൂക്ഷ്മമായ ആകാശാക്രമണത്തിനിരയാവുകയായിരുന്നു. പശ്ചിമേഷ്യയിൽ ഇറാന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ സൈനിക നീക്കങ്ങളുടെയും പിന്നിൽ സുലൈമാനിയുണ്ടായിരുന്നു. ഒരുകാലത്ത് ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമൊക്കെ യു.എസ് സൈനിക നടപടികൾക്ക് അവരെ സഹായിച്ച ചരിത്രവും സുലൈമാനിക്കുണ്ട്. നിർണായകമായ പല സൈനിക മുന്നേറ്റത്തിലും യു.എസ് സേനയ്ക്കാവശ്യമായ രഹസ്യവിവരങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.
സ്വതേ തന്നെ എല്ലാക്കാലത്തും പ്രക്ഷുബ്ധമായ അന്തരീക്ഷമുള്ള പശ്ചിമേഷ്യയിൽ സുലൈമാനിയുടെ വധത്തോടെ സ്ഥിതി കൂടുതൽ വഷളാകുമോ എന്നാണ് പൊതുവേയുള്ള ആശങ്ക. ഇറാനിലുള്ള യു.എസ് പൗരന്മാരോട് നാട്ടിലേക്കു ഉടൻ മടങ്ങാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടുകഴിഞ്ഞു. അമേരിക്കയോട് പകവീട്ടാതെ അടങ്ങിയിരിക്കുകയില്ലെന്ന് ഇറാൻ ഭരണാധികാരി അയത്തൊള്ള ഖമേനിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എസ് മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുലൈമാനി ഉൾപ്പെടെയുള്ളവരെല്ലാം രക്തസാക്ഷികളാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
യു.എസ് - ഇറാൻ സംഘർഷം ലോകസമ്പദ് വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോഴേ പ്രകടമായിക്കഴിഞ്ഞു. എണ്ണവില കുതിച്ചുയരാൻ തുടങ്ങിയിട്ടുണ്ട്. സ്വർണവിലയും ഉയർന്നുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതുമാത്രമല്ല ഭീഷണി. വിവിധ പശ്ചിമേഷ്യൻ രാജ്യങ്ങളിലായി എഴുപതോ എൺപതോ ലക്ഷം ഇന്ത്യക്കാർ പണിയെടുക്കുന്നുണ്ട്. ട്രംപിന് യുദ്ധക്കൊതി മൂക്കുകയും തുറന്ന ഏറ്റുമുട്ടലായി അതു പരിണമിക്കുകയും ചെയ്താൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ സങ്കല്പാതീതമാണ്. പഴയ ഇറാക്ക് യുദ്ധകാലത്തുണ്ടായതു പോലുള്ള ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാനേ കഴിയൂ. സംഘർഷം പെരുപ്പിക്കാനും യുദ്ധത്തിൽ കലാശിപ്പിക്കാനും യു.എസ് പ്രസിഡന്റ് ഉള്ളാലേ ആഗ്രഹിക്കുന്നുണ്ടെന്നുള്ളത് വ്യക്തമാണ്. ആ വഴിക്കു ചിന്തിക്കാനും നീങ്ങാനും അദ്ദേഹത്തിന് മതിയായ കാരണങ്ങളുമുണ്ട്. ആസന്നമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം ഊഴത്തിനു കച്ചകെട്ടി നിൽക്കുന്ന ട്രംപിന് നാട്ടുകാർക്കിടയിൽ കൂടുതൽ മതിപ്പു നേടാൻ ഇറാനെതിരെ ഒരു സൈനിക വിജയം അനിവാര്യമാണ്. ഇംപീച്ച്മെന്റ് വിഷയത്തിൽ ജനപ്രതിനിധി സഭയിൽ ഭീമമായ പരാജയം നേരിട്ടു നിൽക്കുകയാണദ്ദേഹം. സെനറ്റിൽ നല്ല ഭൂരിപക്ഷമുള്ളതിനാൽ അവിടെ കടമ്പ കടക്കാനാകുമെങ്കിലും സംയുക്ത സമ്മേളനം വെല്ലുവിളിയാകും. മാത്രമല്ല കള്ളവും കൃത്രിമവും കാണിച്ച പ്രസിഡന്റ് എന്ന ദുഷ്പേരുമായി നിൽക്കുന്ന ട്രംപിന് ഇറാനുമായുള്ള ഒരു ഏറ്റുമുട്ടൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതസഞ്ജീവിനിയാണ്. കിതച്ചു നിൽക്കുന്ന യു.എസ് സമ്പദ് വ്യവസ്ഥയ്ക്കു കരുത്തു പകരുന്ന നടപടി കൂടിയാകും അത്. യുദ്ധസ്ഥിതി പശ്ചിമേഷ്യയിലൊട്ടാകെ വ്യാപിച്ചാൽ എണ്ണ ഉത്പാദനത്തിലും വിതരണത്തിലും ഉണ്ടാകാനിടയുള്ള സ്തംഭനം നേട്ടമാക്കി മാറ്റാൻ അമേരിക്കയ്ക്കു കഴിയും. വൻ എണ്ണശേഖരമുള്ള അമേരിക്കയ്ക്ക് അതു യഥേഷ്ടം വിറ്റഴിക്കാനുള്ള സാഹചര്യവും ഉണ്ടാകും. ലോകം ഒന്നടങ്കം ഇലക്ട്രിക് വാഹനങ്ങളിലേക്കു ചുവടു മാറ്റിക്കൊണ്ടിരിക്കുമ്പോൾ എണ്ണ ശേഖരം ഇപ്പോഴത്തെ നിലയിൽ സൂക്ഷിക്കേണ്ടതില്ലെന്ന കച്ചവടക്കണ്ണും അമേരിക്കയ്ക്കുണ്ട്.
ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ യു.എസ് എംബസി രണ്ടുദിവസം മുൻപ് ഇറാൻ അനുകൂലികൾ വളഞ്ഞ് പ്രകോപനാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച വെളുപ്പിന് ബാഗ്ദാദ് സന്ദർശനത്തിനെത്തിയ ഇറാൻ ചാരത്തലവൻ ഖാസിം സുലൈമാനിയെ ആക്രമിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്നു മാത്രമാകാം ഇത്. അമേരിക്കയുടെയും സഖ്യരാജ്യമായ ഇസ്രയേലിന്റെയും ഹിറ്റ് ലിസ്റ്റിൽ സുലൈമാനിയുടെ പേര് ആദ്യം തന്നെയുള്ളതാണ്. പല വിദേശ രാജ്യങ്ങളിലായി നൂറുകണക്കിന് യു.എസ്. ഭടന്മാരുടെ മരണങ്ങൾക്ക് ഉത്തരവാദി സുലൈമാനിയാണെന്ന ആക്ഷേപം അമേരിക്കയ്ക്കുണ്ട്. പലവട്ടം ഇറാനിയൻ ചാരത്തലവനെ വക വരുത്താനും യു.എസ് രഹസ്യ ദൗത്യസംഘങ്ങൾ ശ്രമിച്ചിട്ടുമുണ്ട്. ഫലപ്രാപ്തിയിലെത്തിയത് ഇപ്പോഴാണെന്നു മാത്രം. പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും സൈനിക നടപടിയുടെ സ്വഭാവത്തെ ആശ്രയിച്ചാകും പശ്ചിമേഷ്യയുടെ ഭാവി എന്നു പറയാം. കത്തിപ്പടരുന്ന യുദ്ധത്തിലേക്ക് അതു വളർന്നു വലുതാകാതിരിക്കട്ടെ എന്നാവും ലോകത്തിന്റെ, പ്രത്യേകിച്ചും ഇന്ത്യയുടെ പ്രാർത്ഥന.