ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കാരിയാണ് ക്രിസ്റ്റൻ എന്ന ഇരുപത്തൊന്നുകാരി. ക്രിസ്റ്റന് കൂട്ടുകാരായി മനുഷ്യരാരുമില്ല. ഉള്ളത് സിംഹവും ചീറ്റകളും. കേട്ടിട്ട് അത്രയ്ക്കങ്ങ് വിശ്വാസം പോരല്ലേ? നൂറുശതമാനം സത്യം. ക്രിസ്റ്റൻ ഉണ്ണുന്നതും ഉറങ്ങുന്നതും കളിക്കുന്നതുമെല്ലാം ഇവയോടൊപ്പമാണ്.വന്യമൃഗസംരക്ഷണ കേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. ഏഴുചീറ്റകളാണ് ക്രിസ്റ്റിനയുടെ വീട്ടിലുള്ളത്. ഇതുവരെ ഇവയിൽ ഒന്നുപോലും ക്രിസ്റ്റിനെ ചെറുതായൊന്ന് നോവിക്കുകപോലും ചെയ്തിട്ടില്ല.
വന്യമൃഗസംരക്ഷണകേന്ദ്രത്തിലായിരുന്നു തന്റെ ജനനം എന്നതാണ് സിംഹത്തോടും ചീറ്റയോടുമൊക്കെ ഇത്രയ്ക്ക് ഇഷ്ടം തോന്നാൻ കാരണമെന്നാണ് ക്രിസ്റ്റിൻ പറയുന്നത്. അച്ഛന്‍ ജോലി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലായതിനാൽ എപ്പോഴും കാണുന്നത് മൃഗങ്ങളെയായിരുന്നു. അച്ഛൻ സിംഹങ്ങളെയും വലിയ പൂച്ചകളെയും വളർത്തുന്നത് കണ്ടാണ് ഞാൻ വളർന്നത്. മൃഗങ്ങളെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചതും അദ്ദേഹമാണ്.സ്കൂളിൽ പോകുന്ന സമയങ്ങളിൽ മൃഗങ്ങളെ കാണാതിരിക്കുന്നത് ആലോചിക്കാനേ കഴിയുമായിരുന്നില്ല. അതിനാൽ പഠിച്ച് വലുതാകുമ്പോൾ അച്ഛൻ ജോലിചെയ്ത മൃഗസംരക്ഷണകേന്ദ്രത്തിൽ തന്നെ ജോലിചെയ്യണമെന്ന് അപ്പോൾ മുതൽ ആഗ്രഹിച്ചിരുന്നു.ഒാഫീസിൽ കമ്പ്യൂട്ടറിനുമുന്നിൽ ഇരുന്ന് ജോലിചെയ്യുന്നത് ആലോചിക്കാൻ കൂടി കഴിയുമായിരുന്നില്ല - ക്രിസ്റ്റൻ പറയുന്നു.
പ്രശ്നക്കാരായ മൃഗങ്ങളെ എങ്ങനെ മെരുക്കിയെടുക്കുന്നു എന്നുചോദിച്ചാൽ ക്രിസ്റ്റിൻ വാചാലയാകും. പലപ്പോഴും ചീറ്റകൾ ആക്രമണകാരികളായ വന്യമൃഗങ്ങളാണെന്ന കാര്യംപോലും മറന്നുപോകും.വീട്ടിൽ വളർത്തുന്ന പൂച്ചകളെ പോലെയാണ് അവരെ കാണുന്നത്. അവരോട് എപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങളുടെ ഭാഷ ഞങ്ങൾക്ക് മാത്രമേ മനസിലാവൂ. ഞാൻ അവരോടൊപ്പം കിടന്നുറങ്ങാറുണ്ട്. ഉമ്മ കൊടുക്കാറുണ്ട്. ഞാൻ അവരെ ഉപദ്രവിക്കില്ല അവർ എന്നെയും- ക്രിസ്റ്റൻ പറയുന്നു. മൃഗങ്ങളുമായുള്ള അടുപ്പം ഭാവിജീവിതത്തിൽ പ്രശ്നമാകുമെന്ന് ചോദിച്ചാൽ മറുപടി ഉടൻ ലഭിക്കും-ഭാവിയെക്കുറിച്ച് ഞാൻ ആലോചിക്കുന്നേയില്ല.