മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിലെ യുവ തലമുറയുടെ കായിക സ്വപ്നമായ ഇൻഡോർ സ്റ്റേഡിയം ഒരു നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു. കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും കായിക താരങ്ങൾക്ക് പരിശീലനം നല്കുന്നതിനുമായി അഴൂർ ഗ്രാമ പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കേണ്ടത് അനിവാര്യമാണെന്ന നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കം. ഇതിനായി അഴൂർ ഗവ.ഹൈ സ്കൂളിനോട് ചേർന്ന് ഗ്രാമ പഞ്ചായത്തിന്റെ കൈവശം സ്ഥലം ഉണ്ടെങ്കിലും സ്റ്റേഡിയം നിർമ്മാണം നടന്നിട്ടില്ല. ഈ ഗ്രൗണ്ടിൽ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സ്പോർട്സ് ഇനങ്ങളും വിവിധ വാർഡുകളിലെ ക്ലബുകളുടെ ഫുട്ബോൾ. ക്രിക്കറ്റ് ടൂർണമെന്റുകളും നടത്തുന്നുണ്ട്. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി , സ്റ്റുഡന്റ്സ് പൊലീസ് എന്നീ കേഡറ്റുകളുടെ പരേഡും ഇവിടെയാണ് നടക്കുന്നത്. ഇപ്പോൾ ഇവിടെ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യം അടങ്ങുന്ന നിവേദനം സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്കും സ്ഥലം എം.പി അടൂർ പ്രകാശിനും നൽകാൻ ഇപ്പോൾ അഴൂർ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.
നടപടികൾ ഇങ്ങനെ
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം 1991 -ൽ വി.ശരവണ ദാസ് ചെയർമാനായ സ്റ്റേഡിയം നിർമ്മാണ കമ്മിറ്റിയാണ് സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങിയത്. ഇവിടെയുണ്ടായിരുന്ന കുന്നിന്റെ മുക്കാൽ ഭാഗവും ഇടിച്ചു നിരത്തി തുറന്ന കളിസ്ഥലം ഉണ്ടാക്കുക ആയിരുന്നു. സ്‌റ്റേഡിയത്തിനരികിൽ റോഡിനോട് ചേർന്ന് കൽപ്പടവുകൾ നിർമ്മിച്ചെങ്കിലും കാലപ്പഴക്കവും കാലവർഷവും ആ ഇരിപ്പിടങ്ങൾ തകർത്തു. ഇവിടെ മിനി സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായപ്പോൾ രണ്ടു വർഷം മുൻപ്പ് അന്നത്തെ എം.പി എ.സമ്പത്തിന്റെ നിർദ്ദേശ പ്രകാരം മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയുണ്ടായി. തുടർ നടപടികൾ ഉണ്ടായില്ല.
സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നത്...1991ൽ
പഞ്ചായത്തിന്റെ കൈവശം ഉള്ളത്....73 സെന്റ് സ്ഥലം
ഇപ്പോൾ ഇതൊരു തുറന്ന കളിസ്ഥലം മാത്രമാണ്. ഇവിടെ ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചാൽ പുതിയ കായിക താരങ്ങളെ സൃഷ്ടിക്കുന്നതിനും വിവിധ തരം ടൂർണമെന്റുകൾ നടത്തുന്നതിനും സൗകര്യം ലഭിക്കും.പഞ്ചായത്തിൽ ഈ സൗകര്യം ലഭ്യമല്ലാത്തതിനാൽ വളർന്നു വരുന്ന പല കായിക താരങ്ങളും മറ്റ് ദൂര സ്ഥലങ്ങളിലാണ് പരിശീലനം നടത്തുന്നത്.
അഴൂർ ഹൈസ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള നിവേദനം ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്കും അടൂർ പ്രകാശ് എം.പിക്കും നൽകും. അതുവഴി പുതിയ സ്റ്റേഡിയം നിർമ്മാണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
---അഴൂർ വിജയൻ,
അഴൂർ ഗ്രാമ പഞ്ചായത്ത് കോൺഗ്രസ്
പാർലമെന്ററി പാർട്ടി ലീഡർ