മലയിൻകീഴ്: മലയിൻകീഴ് മഠത്തിങ്ങൽക്കരയിലെ സ്വകാര്യ പശുഫാമിൽ നിന്ന് ഒഴുക്കുന്ന മാലിന്യം സമീപത്തെ വീട്ടുകാർക്ക് ദുരിതമാകുന്നതായി പരാതി. ഫാമിലെ മാലിന്യം സംഭരിക്കുന്ന കുഴി നിറഞ്ഞൊഴുകുന്നതാണ് പ്രദേശത്തെ നാറ്റിക്കുന്നത്. ഫാമിനെതിരെ മഠത്തിങ്ങൽക്കര പ്രദീപ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഉയർന്ന സ്ഥലത്തുള്ള പശുഫാം ഫാമിൽ നിന്ന് ഒലിച്ചിറങ്ങുന്ന മാലിന്യം സമീപത്തെ കിണറുകളടക്കമുള്ള ജലശ്രോതസുകളെ മലിനമാക്കുന്നതായും പരാതിയുണ്ട്. അസഹ്യമായ ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് വീടുകളിൽ കഴിയാനാകാത്ത സാഹചര്യവുമുണ്ട്.
വാർഡ് അംഗം ഉൾപ്പെടെയുള്ളവരെ വിവമരമറിയിച്ചെങ്കിലും മാലിന്യം ഇപ്പോഴും ഒഴുക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യമൊഴുക്ക് തടയാൻ പുരയിടത്തിൽ ശേഖരിച്ച് നിറുത്തുകയോ ഫാം മാറ്റി സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.