85

വർക്കല: ഇടവ പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ ഉപേക്ഷിക്കപ്പെട്ട ശുദ്ധജല പദ്ധതി നോക്കു കുത്തിയാകുന്നു. കോട്ടയിൽപാണി ശുദ്ധജല വിതരണ പദ്ധതി കാര്യക്ഷമമാക്കുന്നതിൽ അധികൃതർ കാട്ടുന്ന കടുത്ത അലംഭാവം നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ചു. 1998ൽ ഇടവയിൽ ജനകീയാസൂത്രണ പദ്ധതിപ്രകാരമാണ് കോട്ടയിൽ പാണിശുദ്ധ ജല പദ്ധതിക്ക് തുടക്കം കുറിച്ചത്. 20 ലക്ഷം വികസന ഫണ്ട് ഉപയോഗിച്ച് കുളംകുഴിച്ച് പമ്പ് ഹൗസിനായി കെട്ടിടവും നിർമ്മിച്ചതല്ലാതെ ഒന്നും ചെയ്തിട്ടില്ല.

ജലസമൃദ്ധമായ ഒരു സ്രോതസും പമ്പ്ഹൗസും കെട്ടിടവും എല്ലാമുണ്ട്. എന്നാൽ വെള്ളം പമ്പ് ചെയ്ത് ശേഖരിക്കുന്നതിനുള്ള ടാങ്കും അനുബന്ധ മോട്ടോർ സംവിധാനങ്ങളും മാത്രമില്ല.

പറമ്പിൽ ക്ഷേത്രത്തിന് സമീപം വാട്ടർ ടാങ്ക് സ്ഥാപിക്കാൻ പുറമ്പോക്ക് ഭൂമി കണ്ടെത്തിയെങ്കിലും പദ്ധതി പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. പദ്ധതി പൂർത്തിയാക്കണമെങ്കിൽ ലക്ഷങ്ങൾ വേണം. ഓവർഹെഡ് ടാങ്ക് ഉൾപ്പെടെയുള്ള വലിയ ചെലവുകൾ താങ്ങാൻ പഞ്ചായത്തിന് കഴിയാത്തതാണ് പദ്ധതി ഇഴയാൻ കാരണം.

പദ്ധതി നാൾ വഴിയിലൂടെ

പദ്ധതി നടപ്പാക്കാൻ ജല അതോറിട്ടിക്ക് കൈമാറണമായിരുന്നു

 2012ൽ സർക്കാരിന്റെ പദ്ധതിയായി ഏറ്റെടുത്തു.

 ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കാൻ 3 സെന്റ് സ്ഥലം ഒരു സ്വകാര്യവ്യക്തി നൽകി.

വൈദ്യുതി കണക്ഷൻ ലഭ്യമാക്കാമെന്ന് പഞ്ചായത്ത് വാട്ടർ അതോറിട്ടിക്ക് ഉറപ്പും നൽകി.

പദ്ധതി പ്രവർത്തനം മുന്നോട്ട് പോയില്ല.

ഈ പദ്ധതി പൂർത്തീകരിച്ചാൽ

മാന്ത്ര, ഓടയം പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കും. തോട്ടുമുഖം പൊയ്ക റൂറൽ അർബൻ വാട്ടർ സപ്ലൈ സ്കീം ശാസ്താം നട കുടിവെള്ള പദ്ധതി എന്നീ ജല പദ്ധതികളിൽ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളം ഗ്രാമ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും എത്തുന്നില്ല. പലയിടത്തും പൈപ്പ് ലൈനുകൾ ഇല്ലാത്തതാണ് കാരണം .ഇതിനായി പൈപ്പ് ലൈൻ നീട്ടേണ്ടതുണ്ട്. പദ്ധതികൾ പലതുണ്ടെങ്കിലും കടുത്ത വേനലിൽ കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. മിക്ക വാർഡുകളിലും പൊതു ടാപ്പുകൾ കാഴ്ചവസ്തുവാണ്. ഇടവ ഗ്രാമ പഞ്ചായത്തിൽ ആകെ 17 ന് വാർഡുകളാണ് ഉള്ളത് ഇതിൽ തീരദേശത്തെ ഒന്നാം വാർഡ് ഒഴികെ മറ്റ് വാർഡുകളിൽ കുടിവെളള പ്രതിസന്ധി ഇപ്പോഴും തുടരുകയാണ് .

കുടിവെളള പ്രതിസന്ധിയുള്ള വാർഡുകൾ .....16

പദ്ധതിക്ക് വേണ്ട തുക..... 63.2 ലക്ഷം

500 കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടും

പാതിവഴിയിൽ ഉപേക്ഷിച്ച ഇടവ കോട്ടയിൽപാണി ജലവിതരണപദ്ധതി കാര്യക്ഷമമാക്കണം. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത്, വാട്ടർ അതോറിട്ടി ജനപ്രതിനിധികൾ എന്നിവർ മുൻകൈയെടുക്കണം.

--വെട്ടൂർ ഉണ്ണി (പൊതു പ്രവർത്തകൻ )