
കടയ്ക്കാവൂർ: കണ്ടാലോ സുന്ദരി, പക്ഷേ അടുത്താലോ ഭയങ്കരിയുമാണ് അഞ്ചുതെങ്ങ് മുതലപ്പൊഴി. വിനോദസഞ്ചാരികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത മുതലപ്പൊഴി ബീച്ചിലും പരിസരത്തും അപകടങ്ങൾ തുടർക്കഥയാണ്. മുതലപ്പൊഴിയുടെ സൗന്ദര്യം കണക്കിലെടുത്ത് സിനിമ ഷൂട്ടിംഗ് പോലും നടന്നിട്ടുണ്ട്. വൈകിട്ട് കുടുംബസഹിതവും അല്ലാതെയും സഞ്ചാരികളും വിദേശസഞ്ചാരികളും എത്തുന്ന ഒരു മനോഹര പ്രദേശം കൂടിയാണ് മുതലപ്പൊഴി. ഇവിടം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് താെട്ടടുത്തുളള അഞ്ചുതെങ്ങിൽ അഞ്ചുതെങ്ങ്കോട്ട, ലൈറ്റ്ഹൗസ് ഇവയും സന്ദർശിക്കാൻ കഴിയും. ഇത്രയേറെ വിനോദ സഞ്ചാരമേഖലയായ അഞ്ചുതെങ്ങിനെയും മുതലപ്പൊഴിയെയും സർക്കാർ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്ന പരാതിയാണ് നാട്ടുകാർക്കുളളത്.
ശക്തമായ കടൽച്ചുഴിയും അടിയൊഴുക്കും ഇവിടെയുണ്ട്. കുളിക്കാനിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതും ജീവൻ നഷ്ടമാകുന്നതും. കഴിഞ്ഞ ഒക്ടോബറിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ്.എസിലെ സ്കൂൾ വിദ്യാർത്ഥികളായ രണ്ടുപേർ കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. സ്കൂൾ കലോത്സവത്തിനിടെ സംഘമായി എത്തിയ വിദ്യാർത്ഥികളാണ് കടലിൽ കുളിക്കാനിറങ്ങിയത്. ഈ അപകടത്തിനുശേഷമാണ് ഇവിടെ ഒരു മുൻകരുതൽ സൂചനാബോർഡ് പോലും സ്ഥാപിച്ചത്. വിദ്യാർത്ഥികളുടെ മരണത്തിന്റെ നടുക്കം മാറും മുൻപാണ് ബുധനാഴ്ചത്തെ അപകടം.
കൂടുതൽ അപകട സൂചനാബോർഡുകളും മുൻകരുതൽ സൂചകങ്ങളും അടിയന്തരമായി സ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പും പാഴ്‌വാക്കായി മാറി.