നെയ്യാറ്റിൻകര: പ്ലാസ്റ്റിക് നിരോധനം വന്നിട്ടും നെയ്യാറ്റിൻകര ടൗണിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിക്കുന്നു.

അധികൃതർ പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും അവ ഉപയോഗിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും യാതൊരു സംവിധാനവുമില്ല. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി,പബ്ലിക് മാർക്കറ്റ് എന്നിവിടങ്ങളിൽ ഇപ്പോഴും പ്ലാസ്റ്റിക് യഥേഷ്ടം ഉപയോഗിക്കുകയാണ്. ഇത്തരം മാലിന്യം റോഡരുകിൽ ഉപേക്ഷിക്കുന്നതും തുടരുകയാണ്. പ്ലാസ്റ്റിക് നിരോധനം ഘട്ടങ്ങളായി നടപ്പാക്കിയില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി വ്യാപാരം നടത്തുന്ന വ്യാപാരികൾ കടക്കെണിയിലാകുമത്രേ. പ്ലാസ്റ്റിക് നിർമ്മിത ഗൃഹോപകരണങ്ങളും കളിപ്പാട്ടവും കസേരകളും മാത്രം വില്കുന്ന വ്യാപാരികൾ നെയ്യാറ്റിൻകര ടൗണിൽ മാത്രം അൻപതിലേറെപ്പേർ വരും. ഇവരെല്ലാം ലക്ഷങ്ങൾ മുടക്കിയാണ് സാധനങ്ങൾ വാങ്ങി മുൻകൂട്ടി സ്റ്റോക്ക് ചെയ്തിട്ടുള്ളത്. മാത്രമല്ല മിക്ക വ്യാപാരികളും ബാങ്ക് ലോൺ എടുത്താണ് വ്യാപാര സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിട്ടുള്ളത്. പ്ലാസ്റ്റിക് നിരോധിക്കുകയും വില്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥ നടപടികളും തുടങ്ങിക്കഴിഞ്ഞാൽ ഇത്തരം വ്യാപാരികൾ കടക്കെണിയിലായതു തന്നെ. ഹോട്ടൽ ബിസിനസുകാരാണ് ഏറെ ദുരിതത്തിലായത്. കറികളും മറ്റും പാഴ്സൽ ആയി വിൽക്കാൻ പ്ലാസ്റ്റിക് കവർ തന്നെ വേണം. ചില കടക്കാർ ചോറും തോരനും മറ്റ് വിഭവങ്ങളും ഇലയിൽ പൊതിഞ്ഞ് വില്പനക്കായി വച്ചിട്ടുണ്ടെങ്കിലും കറികൾ പഴയതു പോലെ കവറിൽ തന്നെ വിൽക്കുകയാണ്.നിരോധനം ഘട്ടങ്ങളായി നടപ്പാക്കിയില്ലെങ്കിൽ വലയുമെന്നാണ് വ്യാപാരികൾ പറയുന്നത്.

നിരോധനമല്ല വേണ്ടതത്രേ

പ്ലാസ്റ്റിക് നിരോധനം അശാസ്ത്രീയമാണെന്നും അച്ചടക്കത്തോടെ ഉപയോഗിക്കാൻ ശീലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എം. സി.ദത്തൻ അഭിപ്രായപ്പെടുന്നു.

ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് ഈ യുഗത്തിലെ പ്രധാന കണ്ടുപിടുത്തങ്ങളിൽ ഒന്നാണെന്നും അതിനാൽതന്നെ പ്ലാസ്​റ്റിക് പൂർണമായും ഒഴുവാക്കുന്നതിന് പകരം ഉപയോഗത്തിൽ മാ​റ്റം വരുത്തുകയാണ് വേണ്ടതെന്നും എം.സി ദത്തൻ പറയുന്നു.

നിരോധനം ഇങ്ങനെ

300 മൈക്രോണിന് മുകളിലുള്ള കുപ്പികളും പ്ലാസ്​റ്റിക് കാരിബാഗുകളും ഗാർബേജ് ബാഗുകളും നിരോധിക്കുന്നതിലുൾപ്പെടും. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയും ഈടാക്കും. ആദ്യം 10000 രൂപയും നിയമലംഘനം തുടർന്നാൽ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. നിലവിൽ 50 മൈക്രോൺ വരെയുള്ള പ്ലാസ്​റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.

ചുമതല

തദ്ദേശസ്ഥാപനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിരോധനം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ചുമതല. കലക്ടർമാർക്കും സബ്ഡിവിഷണൽ മജിസ്ട്രേറ്റുമാർക്കും മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാൻ അധികാരമുണ്ട്.

നിരോധനം നിയന്ത്രണം ആക്കണം

വ്യാപാര സ്ഥാപനങ്ങളിൽ മുതൽ മുടക്കിയിട്ടുള്ള പ്ലാസ്റ്റിക് സാധനങ്ങൾ വിറ്റു തീരുന്നതു വരെ നിരോധനത്തിന് പകരം നിയന്ത്രണം ഏർപ്പെടുത്തണം-

മഞ്ചത്തല സുരേഷ്, പ്രസിഡ‌ന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ്