ആറ്റിങ്ങൽ: പതിന്നാല് ദിനരാത്രങ്ങൾ ഒരു ദേശത്തിനാകെ ആഘോഷവും ആഹ്ലാദവും സമ്മാനിച്ച കേരളകൗമുദി ഫെസ്റ്റിന് ഇന്ന് രാത്രി 9 ന് തിരശ്ശീല വീഴും. തിരക്ക് പ്രമാണിച്ച് സന്ദർശകരുടെ സൗകര്യത്തിനായി ഇന്ന് രാവിലെ 11.30 മുതൽ പ്രവേശനം ഉണ്ടാകും. അവസാന ദിനം ആവേശമാക്കാൻ പവലിയനുകളിലെ സ്റ്റാളുകളിൽ ഒരുക്കിയിട്ടുള്ള വിവിധ കമ്പനികളുടെ പ്രോഡക്ടുകൾക്ക് വൻ ഡിസ്കൗണ്ടാണ് നൽകുന്നത്. ചിലതിന് 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പെറ്റ് ഷോയിൽ അവസാന നാളുകളിൽ പുതിയ പല അതിഥികളും എത്തിയതോടെ കാഴ്ചയുടെ കൗതുകം ഏറുകയാണ്. ഇതിൽ ഏറെ കൗതുകമുണർത്തുന്നത് ഹാരസ്റ്റർ എലികുഞ്ഞുങ്ങളാണ്. വെള്ളയും കറുപ്പും നിറത്തിലുള്ള കുഞ്ഞൻ എലിക്കുഞ്ഞുങ്ങളാണ് അടങ്ങിയിരിക്കാതെ ഓടിക്കളിക്കുന്നത്. അവയ്ക്ക് കളിക്കാനായി കൂട്ടിൽ കറങ്ങുന്നതും ആടുന്നതുമായ വിവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ സിൽവർ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലുള്ള ജാവാ ലൗബേർ‌ഡുകളും വിവിധ നിറത്തിലുള്ള കോക്റ്റൈൽ പക്ഷികളും. ആഫ്രിക്കൻ ലൗബേ‌ർഡുകളും സൈമൺ ഡോവ് എന്നു വിളിക്കുന്ന കുഞ്ഞരിപ്രാവുകളും ഏവരേയും ആകർഷിക്കുകയാണ്. അക്വാ ഷോയിലും പുതിയ അതിഥികൾ എത്തിയിട്ടുണ്ട്. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടക്കുന്നത്. മേളയുടെ കോ. സ്പോൺസർമാർ ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് . 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.സി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയും മേളയ്‌ക്കുണ്ട്. മേളയിൽ നൂറോളം വരുന്ന സ്റ്റാളുകളിലെ വിപുലവും വിശാലവുമായ കാഴ്ചകളെ നെഞ്ചിലേറ്റിയ ജനസഞ്ചയങ്ങളുടെ നേർക്കാഴ്ചകളാണ് മേളയെ അനശ്വരമാക്കിയത്. കണ്ണിനും മനസിനും കുളിർമയേകുന്ന വ്യത്യസ്ത കാഴ്ചകളുടെ സംഗമമാണ് ആറ്റിങ്ങൽ മേളയിൽ അരങ്ങേറുന്നത്. മൊട്ടുസൂചി മുതൽ കാറുവരെയുള്ളവ പരിചയപ്പെടാനും ഓർഡർ ചെയ്യാനും ഇവിടെ അവസരമുണ്ടായത് ജനം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. മാർക്കറ്റിൽ ലഭിക്കാത്ത ധാരാളം ഐറ്റങ്ങൾ ഇവിടെയുണ്ടെന്ന് ജനം സാക്ഷ്യപ്പെടുത്തുന്നു.