കുഴിത്തുറ: കന്യാകുമാരി കരിങ്കലിൽ മുഖത്ത് മുളകുപൊടി വിതറിയശേഷം തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കരിങ്കൽ സഹായനഗർ കല്ലുതുറ അലക്സാണ്ടറിനെ (45) കൊല്ലപ്പെടുത്തിയ കേസിൽ സുനിൽ (23)ആണ് പിടിയിലായത്. കഴിഞ്ഞ 27ന് രാത്രി 9 മണിക്കായിരുന്നു സംഭവം. വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോകുന്നുവെന്നു പറഞ്ഞാണ് അലക്സാണ്ടർ ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയത്. കുളത്തിനടുത്തെത്തിയപ്പോൾ, ബൈക്കിലെത്തിയ കൊലയാളികൾ അലക്സാണ്ടറിന്റെ മുഖത്ത് മുളകുപൊടി വിതറിയശേഷം അരിവാൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊലയാളികൾ രക്ഷപ്പെട്ടിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികുറ്റ സമ്മതം നടത്തി. തന്റെ കൂട്ടുകാരനായ ജവഹറിന്റെ അമ്മയുമായി അലക്സാണ്ടറിന് രഹസ്യ ബന്ധം ഉണ്ടായിരുന്നു. ആ ബന്ധം ഉപേക്ഷിക്കുവാൻ അലക്സാണ്ടറിനോട് വിലക്കി. എന്നാൽ അലക്സാണ്ടർ ആ ബന്ധം ഉപേക്ഷിക്കാത്തതിനാൽ താനും, ജവഹറും, ജിനോ, ക്ലീറ്റസ് എന്നിവരും ചേർന്ന് അരിവാൾ കൊണ്ട് വെട്ടിക്കൊലപെടുത്തിയശേഷം അരിവാൾ പാംപൂരി കനാലിൽ കളഞ്ഞുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.