ആറ്റിങ്ങൽ : വിദ്യാർഥിനികളെ ശല്യം ചെയ്യുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്ന വിരുതന്റെ ചിത്രമടക്കം സ്കൂൾ അധികൃതർ പരാതി നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തം. അവനവഞ്ചേരി സ്കൂൾ അധികൃതരാണ് സി.സി ടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയത്. സ്ത്രീ സുരക്ഷയ്ക്ക് വിവിധ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ആറ്റിങ്ങലിൽ പൊലീസ് നിഷ്ക്രിയ നിലപാട് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.യുവാവിന്റെ ശല്യത്തെക്കുറിച്ച് വിദ്യാർഥിനി ക്ലാസ് ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടർന്ന് വിവരങ്ങൾ മനസിലാക്കി സ്കൂൾ എച്ച്.എം ഔദ്യോഗികമായി ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാതായതോടെ സ്കൂൾ അധികൃതർ തന്നെ അന്വേഷണം നടത്തി യുവാവിന്റെ മേൽവിലാസവും ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മേൽവിലാസവും ഫോൺ നമ്പറുമടക്കം പൊലീസിന് കൈമാറുകയായിരുന്നു.തുടർന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിൽ പോയ ഇയാൾ നിരീക്ഷണത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.