തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കും വരെ സമരം തുടരുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂണിയൻ സെക്രട്ടറി ഉൾപ്പെടെ 166 ജീവനക്കാരെ പിരിച്ച് വിട്ടതിനെതിരെയാണ് സമരം.സമരത്തിന് മുമ്പ് ലേബർ കമ്മിഷണറും തൊഴിൽ മന്ത്രിയും വിളിച്ച ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ പങ്കെടുത്തില്ല. യാതൊരു വ്യവസ്ഥയും പാലിക്കാതെയാണ് 43 ബ്രാഞ്ചുകൾ പൂട്ടുന്നതായും 166 ജീവനക്കാർ പിരിഞ്ഞുപോകണമെന്നും കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നൽകിയത്. യൂണിയൻ സെക്രട്ടറിയും പ്രവർത്തകരും ജോലി ചെയ്യുന്ന ബ്രാഞ്ചുകൾ തിരഞ്ഞെടുത്ത് പൂട്ടി.
ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷന്റെ സാന്നിദ്ധ്യത്തിൽ രൂപം നൽകിയ കരാറിനെ തള്ളിക്കളയുകയാണ് മാനേജ്‌മെന്റ്. പണത്തിന്റെ ഹുങ്കാണ് മാനേജ്‌മെന്റിന്. ഇതിന് മുന്നിൽ തൊഴിലാളികൾ കീഴടങ്ങില്ല. വിജയം വരെ സമരം ചെയ്യുമെന്നും എളമരം കരീം പറഞ്ഞു.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ വി.ശിവൻകുട്ടി, കെ.എസ് സുനിൽകുമാർ, നോൺ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതാക്കളായ എസ്.ഷോലിത, എം.എസ് അഭിലാഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.