shibu

കിളിമാനൂർ: വിധിയേകിയ ദുരിതങ്ങൾക്കിടയിലും സ്വന്തം ദുഃഖങ്ങൾ മറന്ന് ദുരിതബാധിതർക്ക് തുണയേകാൻ സന്മനസ് കാട്ടിയ യുവാവിന് സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി. പുളിമാത്ത് ചെറുക്കാരം പുത്തൻവീട്ടിൽ എസ്. ഷിബുവിനാണ് പ്രവാസികൾ ഉൾപ്പെടെയുള്ള സൗഹൃദ കൂട്ടായ്മ വീട് നിർമ്മിച്ചത്. ഇതിന്റെ പാലുകാച്ചൽ ചടങ്ങ് 9 ന് രാവിലെ 9.30ന് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടക്കും. ഒരു ഇഷ്ടിക ചൂളയിലെ പണിക്കാരനായി ജോലിനോക്കിയിരുന്ന ഷിബുവിന് ഇടുപ്പെല്ലിന് അസുഖ ബാധയുണ്ടായി കിടപ്പിലായി. ഇതോടെ ഭാര്യ അശ്വതിയെയും ഓട്ടിസം ബാധിച്ച മൂത്ത മകൾ ശില്പയെയും വിദ്യാർത്ഥികളായ ഇളയ മക്കൾ സൂര്യകിരണിനെയും സൂര്യനാരായണനെയും സംരക്ഷിക്കുന്നതിന് പോലും കഴിയാത്ത അവസ്ഥയായി. ഷിബുവിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി 2012 ൽ കേരളകൗമുദി വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ സഹായഹസ്തവുമായി രംഗത്തെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓപ്പറേഷന് വിധേയമായതോടെ നടക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തമായി ഓട്ടോ വാങ്ങി ഓടിക്കാൻ തുടങ്ങി. തന്റെ ജീവിതത്തിലുണ്ടായ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ട ഷിബു സഹജീവികൾക്ക് സഹായങ്ങളേകാൻ സന്നദ്ധമായി. നാട്ടുകാരുടെ ആംബുലൻസായി തന്റെ ഓട്ടോയുടെ സേവനം നീക്കിവച്ചു. ഇതോടൊപ്പം മിച്ചം പിടിച്ച് കുറച്ചു തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുകയും ചെയ്തു. ഷിബുവിന്റെ പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളും ക്ഷേത്ര കമ്മിറ്റികളുമൊക്കെ ആദരവ് നൽകുകയും ചെയ്തു. ഒരു കുടുസു വീടിനുള്ളിൽ ജീവിതം തള്ളിനീക്കുന്ന ഷിബുവിന് ഒരു നല്ല വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവാസികൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ രംഗത്തെത്തുകയായിരുന്നു. സഹകരിച്ചവരെല്ലാം ചടങ്ങിൽ പങ്കെടുക്കണമെന്ന പ്രാർത്ഥനയിലാണ് ഷിബുവും കുടുംബവും.