exam-postponed

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബർ 31ന് നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ സ്വിച്ചിംഗ് തിയറി ആൻഡ് ലോജിക് ഡിസൈൻ എന്ന വിഷയത്തിലെ പരീക്ഷ റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം ഗവണ്മെന്റ് എൻജിനിയറിംഗ് കോളേജിലെ ഇന്റേണൽ പരീക്ഷയുടെ കുറെ ചോദ്യങ്ങൾ യൂണിവേഴ്സിറ്റി പരീക്ഷയിൽ അതേപടി പകർത്തിയതായി കണ്ടെത്തിയതിനെത്തുട‌ർന്നാണ് നടപടി.

സിൻഡിക്കേറ്റിന്റെ പരീക്ഷാ ഉപസമിതി അന്വേഷിച്ച് 7ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വൈസ് ചാൻസലർ എം.എസ്. രാജശ്രീ നിർദേശിച്ചു. ഒരു അക്കാഡമിക് കൗൺസിൽ അംഗത്തെയും കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിഭാഗത്തിലെ ഒരു മുതിർന്ന അദ്ധ്യാപകനെയും അന്വേഷണ സമിതിയിലുൾപ്പെടുത്തി.