dry-day
dry day

തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ആലോചന നടക്കുന്നുണ്ടെങ്കിലും തത്കാലം ഡ്രൈ ഡേകൾ അതുപോലെ തുടരും. ഒന്നാം തീയതിയിലെ മദ്യനിരോധനം മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.

ടൂറിസം രംഗത്തെ സംഘടനകളുടെ ആവശ്യപ്രകാരമാണ് മദ്യനയത്തിന്റെ കരടു തയ്യാറാക്കുന്നതിനു മുമ്പായി നടന്ന ചർച്ചകളിൽ എക്സൈസ് വകുപ്പിന്റെ ഈ ആവശ്യം പരിഗണിച്ചത്. മാർച്ചിലാണ് പുതിയ മദ്യനയം പ്രഖ്യാപിക്കുക.

ഒന്നാം തീയതി മദ്യനിരോധനം ഏർപ്പെടുത്തിയത് ടൂറിസം മേഖലയെ ബാധിക്കുന്നതായി ആ മേഖലയിലുള്ളവർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഭിന്നാഭിപ്രായം ഉള്ളതിനാൽ വിഷയം മാറ്റിവച്ചു. വീണ്ടും അപേക്ഷകൾ ലഭിച്ച സാഹചര്യത്തിലാണ് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ വകുപ്പിനുള്ളിൽ നടന്നത്.

ബാറുകൾ ഒന്നാം തീയതി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന നിവേദനവും സർക്കാരിനു മുന്നിലുണ്ട്. എൽ.ഡി.എഫിൽ ചർച്ച ചെയ്തശേഷം ഫെബ്രുവരി അവസാനത്തോടെ മാത്രമേ മദ്യനയത്തിന് അന്തിമരൂപം നൽകൂ. തിരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യവും പരിഗണിച്ചാവും തീരുമാനം. 1996ൽ ചാരായം നിരോധിച്ചതിനു പിന്നാലെയാണ് ഒന്നാം തീയതികളിൽ മദ്യവില്പന നിരോധിച്ച് ഉത്തരവിറങ്ങിയത്. ഇപ്പോൾ ഡ്രൈ ഡേ ആയി തീരുമാനിച്ചിരിക്കുന്നത് ഒന്നാം തീയതിക്ക് പുറമേ ഗാന്ധി ജയന്തി, ഗാന്ധിയുടെ രക്തസാക്ഷിദിനം, ശ്രീനാരായണ ഗുരു ജയന്തി, സമാധി ദിവസങ്ങളാണ്.

''ഒന്നാം തീയതിയിലെ മദ്യനിരോധനം മാറ്റാൻ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ നിലവിലെ മദ്യനയം തുടരും. എല്ലാവർഷവും പുതിയ മദ്യനയത്തിന് രൂപം കൊടുക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷവും പുതിയ മദ്യനയത്തിന് രൂപം നൽകും. മറ്റ് കാര്യങ്ങളിലൊന്നും സർക്കാർതലത്തിൽ തീരുമാനമെടുത്തിട്ടില്ല''-

ടി.പി.രാമകൃഷ്ണൻ,​ എക്‌സൈസ് വകുപ്പ് മന്ത്രി