തിരുവനന്തപുരം: അരുവിക്കരയിൽ നിന്ന് നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന 86 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ രണ്ടാംഘട്ട നവീകരണം ഇന്ന് പൂർത്തിയാകുമെങ്കിലും ജലവിതരണം സാധാരണ നിലയിലാകാൻ നാളെ ഉച്ചവരെ സമയമെടുത്തേക്കും. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അരുവിക്കരയിലെ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയത്. കാലപ്പഴക്കവും തേയ്‌മാനവും മൂലം ശേഷി കുറഞ്ഞ രണ്ട് പമ്പ് ഹൗസുകളിലെയും പമ്പുകൾ മാറ്റി പകരം രണ്ട് പമ്പുകൾ സ്ഥാപിച്ചു. നവീകരിച്ച ഇലക്ട്രിക് പാനലുമായി ഈ പമ്പ് സെറ്റുകളെ ബന്ധിപ്പിക്കുന്ന ജോലിയാണ് ഇന്ന് നടക്കുക. ഇത് രാവിലെ ആറ് മണിയോടെ പൂർത്തിയാകുമെന്നാണ് വാട്ടർ അതോറിട്ടി അറിയിച്ചിട്ടുള്ളത്. ഇതിനുശേഷം പമ്പ് പ്രവർത്തിപ്പിച്ച് അസംസ്‌കൃത ജല, ശുദ്ധജല പമ്പിംഗ് പൂർണതോതിൽ തുടങ്ങും.
ശേഖരിച്ച വെള്ളം തീർന്നു, ജനം വലഞ്ഞു
നവീകരണത്തിനായി പമ്പിംഗ് നിറുത്തിയതിനാൽ ജലവിതരണത്തിന് ബദൽ സംവിധാനങ്ങൾ വാട്ടർ അതോറിട്ടി ഒരുക്കിയിരുന്നെങ്കിലും ജനങ്ങൾ ശേഖരിച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ഇന്നലെയോടെ തീർന്നു. ഇതോടെ വാട്ടർ അതോറിട്ടിയുടെ കിയോസ്‌കുകളായി ആശ്രയം. ആദ്യഘട്ട നവീകരണ സമയത്ത് സ്ഥാപിച്ച കിയോസ്‌കുകൾ വാട്ടർ അതോറിട്ടി നിലനിറുത്തിയിരുന്നു. 86 എം.എൽ.ഡി പ്ളാന്റാണ് അടച്ചിരുന്നത് എന്നതിനാൽ കാര്യമായ ജലക്ഷാമം ഉണ്ടായില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആശുപത്രികൾക്കും മറ്റു സ്ഥാപനങ്ങൾക്കും ആവശ്യമനുസരിച്ച് ടാങ്കറുകളിൽ വെള്ളമെത്തിച്ചു. ഇതിന് പുറമേ നഗരസഭ, പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നിവയുടെ ടാങ്കറുകളും ഉപയോഗപ്പെടുത്തി.
നാല് ഘട്ടമായി നവീകരണം
കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റുന്നതിന്റെ ഭാഗമായാണ് നാല് ഘട്ടങ്ങളിലായി ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം താത്കാലികമായി നിറുത്തുന്നത്. ആദ്യഘട്ട നവീകരണം ഡിസംബർ 13ന് പൂർത്തിയായിരുന്നു. മൂന്നാംഘട്ട നവീകരണം 11നാണ് നടക്കുക. അന്ന് 86 എം.എൽ.ഡി ജലശുദ്ധീകരണ ശാല ആറ് മണിക്കൂർ അടച്ചിടും. ഫെബ്രുവരി ഒന്നിന് നടക്കുന്ന നാലാം ഘട്ടത്തിൽ 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകൾ 16 മണിക്കൂർ അടച്ചിടും. അരുവിക്കരയിൽ വാട്ടർ അതോറിട്ടിക്ക് നിലവിൽ 86 എംഎൽഡി, 72 എം.എൽ.ഡി, 74 എം.എൽ.ഡി വീതം ശേഷിയുള്ള മൂന്നു ജലശുദ്ധീകരണ ശാലകളാണുളളത്. പുതിയ 75 എം.എൽ.ഡി ജലശുദ്ധീകരണശാല നിർമ്മാണം പൂർത്തായി വരികയാണ്. നാല് ഘട്ടങ്ങളിലായുള്ള നവീകരണം പൂർത്തിയാക്കുന്നതോടെ നഗരത്തിൽ പ്രതിദിനം 10 ദശലക്ഷം ലിറ്റർ ജലം കൂടുതലായി എത്തിക്കാൻ സാധിക്കും.
വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗർ, ചൂഴാറ്റകോട്ട, ആറ്റിങ്ങൽ വാളക്കാട് എന്നിവിടങ്ങളിലെ വെൻഡിംഗ് പോയിന്റുകളിൽ നിന്ന് ജലമെത്തിച്ചു.
എക്സിക്യുട്ടീവ് എൻജിനിയർ
മാറ്റി സ്ഥാപിച്ചത് 770 എച്ച്.പി, 631എച്ച്.പി പമ്പുകൾ