കിളിമാനൂർ: തൊഴിലുറപ്പ് ജോലിക്കിടെ വിഷ വാതകം ശ്വസിച്ച് ഇരുപതോളം തൊഴിലാളികൾ കുഴഞ്ഞുവീണു. നഗരൂർ പഞ്ചായത്തിൽ മാത്തയിൽ സ്വദേശികളായ റഫീക്ക (55), ഗിരിജ (50), രെജിമോൾ (35), അജിത് കുമാർ (44), ലീല (60), മഞ്ജു (42), സീത (55), വത്സല (55), വസന്ത (60), ബേബി (50), ഗീത (52), ബീന (50), അനിത (52), ശ്യാമള (65), മണി (62), ലിസ(47), ആശാവർക്കർ സുമംഗല (54) തുടങ്ങിയവർക്കാണ് ദേഹാസ്വാസ്ഥ്യവും തലകറക്കവുമുണ്ടായത്. ഇവരിൽ പലരും ജോലി സ്ഥലത്ത് തലകറങ്ങിവീണു. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. മാത്തയിൽ ആതിരാഭവനിൽ മാധവൻ നായരുടെ വീട്ടിൽ തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു മുപ്പത്തഞ്ചോളം തൊഴിലാളികൾ. മൂന്നാം വാർഡിലെ നാലാം ഗ്രൂപ്പിലെ അംഗങ്ങളാണ് തൊഴിലാളികൾ. പുരയിടത്തിന് അതിരു നിർമ്മിക്കുന്നതിനിടെ മണ്ണിൽ കിടന്ന ടിൻ മൺവെട്ടി കൊണ്ട് വെട്ടി പൊട്ടിക്കുകയായിരുന്നു. നിരോധിക്കപ്പെട്ട പഴയ കീടനാശിനി അടങ്ങിയ ടിൻ ആയിരുന്നു ഇത്. പൊട്ടിയ കുപ്പിയിൽ നിന്നു രൂക്ഷഗന്ധം വന്നതോടെ തൊഴിലാളികൾ കുഴഞ്ഞ് വീഴുകയും ഛർദ്ദിക്കുകയും ചെയ്തു. ഇവരെ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ഇവരെ വൈകിട്ടോടെ വിട്ടയച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതിനെ തുടർന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് സംഘം പ്രദേശത്ത് ക്ലീനിംഗ് നടത്തി. ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളികളെ ബി.സത്യൻ എം.എൽ.എ സന്ദർശിച്ചു.