arrest

തിരുവനന്തപുരം : വിചാരണ നടക്കുന്ന എ.എസ്.എെ ബാബുകുമാർ വധശ്രമക്കേസിലെ കോടതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്ത കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.കെ.മധുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പ്രത്യേക സി.ബി.എെ കോടതി നിർദ്ദേശം നൽകി. പ്രതികളിൽ ഒരാളായ കണ്ടെയ്നർ സന്തോഷ് നൽകി ഹർജിയാണ് കോടതി പരിഗണിച്ചത്.

പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയായ കേസിൽ പ്രതികളുടെ സാക്ഷികളെയാണ് കോടതി ഇപ്പോൾ വിസ്തരിക്കുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മൊബെെൽ ഫോൺ വിവരങ്ങൾ ഹാജരാക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. കോടതി കാൾ ഡീറ്റയിൽസ് റെക്കാഡ് ഹാജരാക്കാൻ സിറ്രി പൊലീസ് കമ്മിഷണറോട് നിർദ്ദേശിച്ചു. പൊലീസ് രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇത് തളളിയ കോടതി കമ്മിഷണറെ അറസ്റ്റ് ചെയ്ത് കേസ് പരിഗണിക്കുന്ന ജനുവരി ആറിന് ഹാജരാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

കൊല്ലം ആശ്രാമം ഗസ്റ്ര് ഹൗസിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മദ്യസത്കാര വാർത്ത ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തകൾക്ക് പിന്നിൽ എ.എസ്.എെ ബാബു കുമാറാണെന്ന് സംശയിച്ചാണ് പ്രതികൾ കൊല്ലാൻ ശ്രമിച്ചത്. 2011 ജനുവരി 11 നാണ് ബാബുകുമാർ ആക്രമിക്കപ്പെട്ടത്.