vembayam

വെമ്പായം: പഞ്ചായത്ത് റോഡുകൾ പോലും ആധുനിക നിലവാരത്തിൽ നിർമ്മിച്ച് പ്രധാന ജംഗ്ഷനുകൾ മോടിപിടിപ്പിക്കുമ്പോൾ വികസനം തൊട്ട് തീണ്ടാതെ വെമ്പായം ജംഗ്ഷൻ. കൊട്ടാരക്കര -തിരുവനന്തപുരം സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് വെമ്പായം ജംഗ്ഷൻ. നിരവധി വ്യവസായ സ്ഥാപനങ്ങളും, സർക്കാർ ഓഫീസുകളും ഒക്കെ സ്ഥിതി ചെയ്യുന്നു. സൂപ്പർ ഫാസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് സ്റ്റോപ്പുകളും ഉണ്ട്.തിരുവനന്തപുരം നഗരവുമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന വെമ്പായത്തെ അധികൃതർ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. മൂന്ന് റോഡുകൾ സന്ധിക്കുന്ന ഇവിടെ പലപ്പോഴും ഗതാഗതക്കുരുക്കും പതിവാണ് .ബസ് സ്റ്റോപ്പ് ഇല്ലാത്തതിനാൽ റോഡിൽ തന്നെയാണ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിറുത്തുന്നതും ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടങ്കിലും അശാസ്ത്രീയമായ രീതിയിലായതിനാൽ ഗുണത്തേക്കാൾ ദോഷമാണുണ്ടാകുന്നത്. ഒരോ തവണയും പരിഹരിക്കാം എന്ന് അധികൃതർ ഉറപ്പ് നൽകുമെങ്കിലും പാലിക്കാറില്ലന്ന് നാട്ടുകാർ പറയുന്നു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് എത്തുമ്പോൾ റോഡിന്റെ വീതി കൂടിയും ആധുനിക വത്കരിച്ചുമാണ് വരുന്നതെങ്കിൽ വെമ്പായം മുതൽ വട്ടപ്പാറ വരെയുള്ള സംസ്ഥാന പാതയിലെ റോഡിന്റെ അവസ്ഥ ഇതിന് വിപരീതമാണ്. ഈ ഭാഗത്ത് റോഡിൽ കൊടും വളവും വീതി കുറവുമാണ് ഉള്ളത്. അതു കൊണ്ട് തന്നെ ഇവിടെ അപകടങ്ങളും നിത്യസംഭവമാണ്. അപകട സൂചനാ ബോർഡുകളോ ,മറ്റു സംവിധാനങ്ങളോ ഇവിടെ ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ മരണം ...4

കൊടും വളവിലെ ബസ് കാത്തിരിപ്പ്

വെമ്പായത്തെ കൊടും വളവിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം യാത്രക്കാരെ വലയ്ക്കുകയാണ്. കൊടും വളവിലായതിനാൽ തന്നെ ബസുകൾ ഇവിടെ യാത്രക്കാരെ കയറ്റിയിറക്കുന്നതിനായി നിറുത്തുന്നതിനാൽ നീണ്ട ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ അപകടവും ഈ ഭാഗത്ത് സംഭവിക്കുന്നുണ്ട്. കൊടും വളവിൽ ബസ് കാത്ത് നിൽക്കുന്നത് വളരെ അപകടം ക്ഷണിച്ചുവരുത്തുമെന്ന് അധികാരികളോട് പല ആവർത്തി പറഞ്ഞെങ്കിലും ആരും തിരിഞ്ഞ്പോലും നോക്കുന്നില്ലെന്ന് യാത്രക്കാരും സമീപ വാസികളും പറയുന്നു. റോഡിന്റെ ഇരു വശത്തും ബസ് നിറുത്തുന്നതോടെ ഗതാഗതം താറുമാറാകുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.ആംബുലൻസുകൾക്ക് പോലും കടന്നു പോകാനാകാത്ത വിധം ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്ന മേഖലകളിൽ പ്രധാനപ്പെട്ടതാണ് വെമ്പായം ജംഗ്ഷൻ.

 ഇവിടെ വികസനം നടന്നിട്ട് പതിറ്റാണ്ടുകൾ.

 പുറമ്പോക്ക് കൈയ്യേറി കച്ചവടം

 കാൽ നടയാത്ര ദുരിതം

വീതി കുറഞ്ഞ റോഡ്

കൊടും വളവുകൾ

 കംഫർട്ട് സ്റ്റേഷൻ ഇല്ല

ഇ-ടോയ്ലെറ്റ് പ്രവർത്തിക്കുന്നില്ല.

നാഷണൽ ഹൈവേയും, സ്റ്റേറ്റ് ഹൈവേയും ഉൾപ്പെടെ ബന്ധിക്കുന്ന പ്രധാന സാറ്റലൈറ്റ് ജംഗ്ഷനാണ് വെമ്പായം. 2014-15 കാലയളവിൽ ഇവിടത്തെ സമഗ്ര വികസനത്തിന് ത്രിതല പഞ്ചായത്തുൾപ്പെടെ പങ്കെടുപ്പിച്ച് പദ്ധതി തയ്യാറാക്കിയെങ്കിലും ശേഷം വന്ന ഗവൺമെന്റ് ഒരിഞ്ചു പോലും അനങ്ങിയിട്ടില്ല. കഴക്കൂട്ടം - അടൂർ വികസനം നടപ്പിലാക്കിയിട്ടും വെമ്പായത്തെ വിസ്മരിക്കുകയാണുണ്ടായത്.

...പാലോട് രവി, എക്‌സ് എം.എൽ.എ.