മലയിൻകീഴ്: മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 8.5 കോടി രൂപയ്‌ക്കുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുനിലമന്ദിരത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്ന് ഐ.ബി. സതീഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികവിന്റെ കേന്ദ്രമാകുന്ന സ്കൂളിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് 'ഹൃദയസരങ്ങൾ" മലയിൻകീഴ് മീഡിയ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ ഐ.ബി. സതീഷ് ഉദ്ഘാടനം ചെയ്തു.
അഞ്ച് കോടി രൂപ കിഫ്‌ബിയിലൂടെയും, ഒരു കോടി എം.എൽ.എ ഫണ്ടിൽ നിന്നുമാണ് വകയിരുത്തിയത്. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപയും, നേമം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷവും അനുവദിച്ചു. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നൽകും. ബാക്കി തുക ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തുമെന്നും എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, പി.ടി.എ അംഗങ്ങൾ എന്നിവർ ചേർന്ന് ശേഷിച്ച തുക സമാഹരിക്കും. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഫെബ്രുവരിയിൽ ഹൃദയസരങ്ങൾ എന്നപേരിൽ ഒരു മെഗാ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചതായും ഐ.ബി. സതീഷ് പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ സി.പി.എം നേതാവ് കെ. ജയചന്ദ്രൻ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 10000 രൂപ നൽകി. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സോമറിൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമകുമാരി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻനായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. അനിത, പി.ടി.എ പ്രസിഡന്റ് എസ്.വി. ജയാനന്ദൻ, ഫോറം ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻനായർ, അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.