നെടുമങ്ങാട്: കളഞ്ഞു കിട്ടിയ പഴ്സും പണവും വിലപ്പെട്ട രേഖകളും മലപ്പുറം സ്വദേശിയായ ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മാതൃകയായി. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പ്രവർത്തകനും നെടുമങ്ങാട് യൂണിറ്റ് കമ്മിറ്റി അംഗവുമായ എ. രാജീവിന് നെടുമങ്ങാട് ടൗണിൽ നിന്ന് ലഭിച്ച പഴ്സിൽ 7,200 രൂപയും ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയ രേഖകളുമാണുണ്ടായിരുന്നത്.
പരിശോധനയിൽ മലപ്പുറം സ്വദേശി ഷൈജുവിന്റേതാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ നെടുമങ്ങാട്ടേക്ക് വിളിപ്പിച്ച് പണവും രേഖകളും കൈമാറുകയായിരുന്നു. ഷൈജു നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് മടങ്ങുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്.
സി.ഐ.ടി.യു നെടുമങ്ങാട് ഏരിയ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രനും രാജീവും ചേർന്ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ചാണ് പഴ്സ് കൈമാറിയത്. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എൻ.ആർ. ബൈജു, ട്രാൻ.യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി. ഷൈജുമോൻ, ശ്രീകേശ്, എ. റഹിം,അസീസ് എന്നിവർ പങ്കെടുത്തു.