തിരുവനന്തപുരം: മന്ത്രി മാറ്റത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ എൻ.സി.പിയിൽ പ്രചരിക്കുന്നതിനിടെ മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ മുംബയിലെത്തി കണ്ടു. മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് എത്തിയതെന്ന് ശശീന്ദ്രൻ മുംബയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 8നാണ് ശശീന്ദ്രന്റെ മകന്റെ വിവാഹം.

പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ വിജയിച്ചതോടെ മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾ എൻ.സി.പിയിലുയർന്നിരുന്നു. ഒരു വിഭാഗം ഇതുസംബന്ധിച്ച് പ്രചാരണവും നടത്തി. എന്നാൽ, പാർട്ടികേന്ദ്രങ്ങൾ ഇത് നിഷേധിക്കുകയാണ്. തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കും പുതിയ ആളെ കണ്ടെത്തേണ്ടതുണ്ട്. സംഘടനാ ചർച്ചകളിലേക്ക് സംസ്ഥാന നേതൃത്വം കടക്കാനിരിക്കെയാണ് ഇന്നലെ ശശീന്ദ്രൻ പവാറിനെ കാണാനെത്തിയത്.