തിരുവനന്തപുരം : മത്സ്യബന്ധനത്തിനിടെ കപ്പലിടിച്ച് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.ശിവകുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പൂന്തുറയിൽ നിന്നു മത്സ്യബന്ധനത്തിനുപോയ ആറ് മത്സ്യത്തൊഴിലാളികളെയാണ് ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞമാസം 17ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാത തെറ്റിച്ച് അലക്ഷ്യമായി വന്ന കപ്പൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ടിൽ ഇടിക്കുകയായിരുന്നു. യാദൃശ്ചികമായി ഇവരെ ശ്രദ്ധയിൽപ്പെട്ട പൂന്തുറയിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. അപകടമുണ്ടാക്കിയ കപ്പലിനെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. കപ്പൽ അധികൃതരിൽ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി നൽകുന്നതിനോ, അല്ലാത്തപക്ഷം നാശനഷ്ടം തിട്ടപ്പെടുത്തി സർക്കാർ ധനസഹായം നൽകുന്നതിനോ നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.