തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെക്കുറിച്ചൊരുങ്ങുന്ന സിനിമ 'വിവേകാനന്ദം' കവടിയാറിലെ വിവേകാനന്ദ പാർക്കിൽ ആരംഭിച്ചു. ആർ.എസ്. മധു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പാർക്കിലെ വിവേകാനന്ദ പ്രതിമയ്ക്കു മുന്നിൽ പൂയം തിരുനാൾ ഗൗരിപാർവതി ബായി നിർവഹിച്ചു. വിജി തമ്പി കാമറ സ്വിച്ച് ഓൺ ചെയ്തു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഫസ്റ്റ് ക്ലാപ്പടിച്ചു. വിവേകാനന്ദ സ്വാമിയുടെ കേരള സന്ദർശനമാണ് സിനിമയുടെ പ്രമേയം. അക്കാലത്തെ സാമൂഹ്യജീവിതവും ജീവിച്ചിരുന്നവരും സിനിമയിൽ കടന്നുവരും. പുതുമുഖം നീലേശ്വരം സ്വദേശി മനോജാണ് വിവേകാനന്ദനായി വേഷമിടുന്നത്.