തിരുവനന്തപുരം : വേനൽ തുടങ്ങും മുമ്പേ സംസ്ഥാനത്ത് ചിക്കൻപോക്‌സ് പടരുന്നു.
ഈ വർഷം ആദ്യ നാല് ദിവസത്തെ കണക്ക് പ്രകാരം 311പേർക്കാണ് ചിക്കൻപോക്‌സ് സ്ഥിരീകരിച്ചത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്ക് മാത്രമാണിത്. നാല് ദിവസത്തിനിടെ 25,457 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. ഇവരിൽ പലർക്കും ചിക്കൻപോക്‌സ് കണ്ടെത്തുകയായിരുന്നു.
'വേരിസെല്ല സോസ്റ്റർ' എന്ന വൈറസാണ് ചിക്കൻപോക്‌സ് പരത്തുന്നത്. രോഗിയുടെ വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. സ്പർശനം മൂലവും ചുമയ്‌ക്കമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും.
ലക്ഷണങ്ങൾ
ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന
ദേഹമാകെ കുമിളകൾ പ്രധാന ലക്ഷണം
കുരുക്കൾ ആദ്യം വരുന്നത് തലയിലും വായിലും
പിന്നീട് നെഞ്ചിലും പുറത്തും
കുരുക്കളുള്ള ഭാഗത്തോ ശരീരം മൊത്തമോ ചൊറിച്ചിൽ. ചൊറിഞ്ഞ് പൊട്ടിയാൽ പഴുക്കാൻ സാദ്ധ്യത
പ്രതിരോധ ശേഷിയില്ലെങ്കിൽ ഹെർപ്പിസ്
പ്രതിരോധ ശക്തി കുറഞ്ഞ ഗർഭിണികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, പതിവായി സ്റ്റിറോയിഡ് ഉപയോഗിക്കുന്നവർ, അർബുദം ബാധിച്ചവർ തുടങ്ങിയവർ ചിക്കൻപോക്സിനെ ഭയക്കണം. ഇവരിൽ ചിക്കൻപോക്സ് ഹെർപ്പിസായി മാറാം. ചിക്കൻപോക്സ് വൈറസാണ് ഹെർപ്പിസിനും കാരണം. നട്ടെല്ലിൽ പ്രവേശിക്കുന്ന രോഗാണു ഏതെങ്കിലും ഞരമ്പിലൂടെ ശരീരത്തിന്റെ ഒരു ഭാഗത്ത്
കുമിളകളായി പ്രത്യക്ഷപ്പെടും. ചിക്കൻപോക്‌സ് വന്നാൽ ഏഴ് ദിവസത്തിന് ശേഷം അസ്വസ്ഥത മാറും. ഹെർപ്പിസ് ബാധിതർക്ക് രോഗബാധയുണ്ടായ സ്ഥലത്ത് ദീർഘകാലം വേദനയുണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു.
മരുന്ന് അസൈക്ലോവീർ
രോഗബാധിതർക്ക് അസൈക്ലോവീർ ഗുളികയാണ് നൽകുന്നത്
ദിവസം അഞ്ചു നേരം ഗുളിക കഴിക്കണം
ഡോക്ടറുടെ നിർദ്ദേശ പ്രകാരമേ മരുന്ന് കഴിക്കാവൂ
സ്വകാര്യ ആശുപത്രികളിൽ പ്രതിരോധ വാക്‌സിനും നൽകുന്നു
നാലുദിവസത്തെ ചിക്കൻപോക്‌സ് രോഗികൾ
തിരുവനന്തപുരം ..................49
കൊല്ലം....................................31
പത്തനംതിട്ട...........................17
ആലപ്പുഴ.................................37
കോട്ടയം.................................21
ഇടുക്കി...................................19
എറണാകുളം.........................13
തൃശൂർ....................................11
പാലക്കാട്................................9
മലപ്പുറം...................................40
കോഴിക്കോട്...........................10
വയനാട്...................................27
കണ്ണൂർ.....................................11
കാസർകോട്.........................16
'സംസ്ഥാനത്ത് മൂന്നു വർഷമായി എല്ലാ മാസവും ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മരുന്ന് ലഭ്യമാണ്. ആശങ്ക വേണ്ട.'
- ഡോ. വി. മീനാക്ഷി
ആരോഗ്യവകുപ്പ്, അഡിഷണൽ ഡയറക്ടർ, പബ്ലിക് ഹെൽത്ത്