malinyam

കല്ലമ്പലം: പ്രദേശത്തെ മുഖ്യ വ്യാപാര കേന്ദ്രമായ കല്ലമ്പലം ചന്തയിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. ഇത് അഴുകി ദുർഗന്ധം രൂക്ഷമായതോടെ ഉപഭോക്താക്കൾക്ക് ചന്തയിൽ കേറാൻ പോലും കഴിയാത്ത അവസ്ഥയാണ്. നാവായിക്കുളം പഞ്ചായത്ത് പരിധിൽപ്പെട്ട മാർക്കറ്റിന്റെ നവീകരണത്തിനോ സംരക്ഷണത്തിനോ നടപടിയെടുക്കുന്നില്ലെന്നാണാക്ഷേപം ശക്തമാണ്. അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളും അനധികൃത കൈയേറ്റവും മൂലം ചന്തയുടെ വിസ്തീർണ്ണം നാൾക്കുനാൾ ചുരുങ്ങി വരുന്നു. വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ മുടക്കി പഞ്ചായത്ത്, മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനോ, അറ്റകുറ്റപ്പണികൾ നടത്താനോ മിനക്കെട്ടില്ല.

മാലിന്യവും, അഴുക്ക് വെള്ളവും ഒലിച്ചുപോകാനുള്ള ഓടയും തകർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ചന്തയ്ക്കുള്ളിൽ ലക്ഷങ്ങൾ മുടക്കി പൊതു ടൊയ്‌ലെറ്റ് നിർമ്മിച്ചെങ്കിലും വൈദ്യുതിയും വെള്ളവുമെത്തിച്ച് പ്രവർത്തന ക്ഷമമാക്കാനായില്ല. തുടർന്ന് ഇവിടം കാടുമൂടി തെരുവ് നായ്ക്കളുടെയും ഇഴ ജന്തുക്കളുടെയും വാസകേന്ദ്രമായി. കല്ലമ്പലം കേന്ദ്രീകരിച്ച് പൊതുടൊയ്‌ലെറ്റ് വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മൂന്ന് പഞ്ചായത്തുകൾക്ക് അധിക വരുമാനം ഉണ്ടാക്കി കൊടുക്കുന്ന കല്ലമ്പലത്തെ വികസനങ്ങളെ പിറകോട്ടടിക്കുന്ന സമീപനമാണ് പഞ്ചായത്തുകളുടെതെന്നാണ് ആക്ഷേപം.