adv-p-r-rajeev-amiline-an

കല്ലമ്പലം: അമിൽ എന്ന ഒമ്പതുവയസുകാരൻ ഇന്ന് കരവാരം നെടുംപറമ്പ് ഗ്രാമത്തിലെ താരമാണ്. ചെറുപ്രായത്തിൽ തന്നെ അഞ്ഞൂറിലധികം പുസ്തകങ്ങൾ വായിക്കുകയും ആ പുസ്തകങ്ങൾ ഹോം ലൈബ്രറിയിലൂടെ നാട്ടുകാർക്ക് വായിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്ന അമിലിന് അഭിനന്ദനവുമായി നിരവധി പേരാണ് വടകോട്ടുകാവ് സീനാ നിവാസിലെത്തുന്നത്. മനോഹരമായ കഥകളും, കവിതകളും, വായനാക്കുറിപ്പും എഴുതി നാട്ടുകാരെ അദ്ഭുതപ്പെടുത്തുകയും ചെയ്യും ഈ കൊച്ചു മിടുക്കൻ.

തോട്ടയ്ക്കാട് ഗവ. എൽ.പി.എസിലെ മൂന്നാം ക്ലാസുകാരനായ അമിലിന് അറിവായ കാലം മുതലേ കൂട്ട് പുസ്തകങ്ങളാണ്. കൂടാതെ വായിച്ചു തീർത്ത കഥകളുടെ ആസ്വാദന കുറിപ്പുകൾ തയാറാക്കി അവയ്ക്ക് മനോഹരമായ ചിത്രങ്ങൾ കൂടി വരയ്ക്കും. അമിൽ വായിച്ചുതീർത്ത അഞ്ഞൂറിലധികം പുസ്തകങ്ങളും വായനക്കുറിപ്പുകളും അടങ്ങിയ ഹോം ലൈബ്രറി അടുത്തിടെ നാട്ടു വായനയ്ക്കായി തുറന്നു കൊടുത്തതിന്റെ ഉദ്ഘാടനം നിർവഹിച്ചത് അടൂർ പ്രകാശ് എം.പിയാണ്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.ആർ. രാജീവ്‌, പൊതുപ്രവർത്തകരായ സൈഗാൾ, സന്തോഷ്‌, മാദ്ധ്യമപ്രവർത്തകൻ സുനിൽകുമാർ തുടങ്ങിയവർ കഴിഞ്ഞ ദിവസം വീട്ടിലെത്തി അമിലിനെ അനുമോദിച്ചു. എന്നാൽ പലരും പൊന്നാടയണിയിച്ചും, സമ്മാനങ്ങൾ നൽകിയും അനുമോദിക്കുമ്പോഴും ആ കുഞ്ഞു മനസിൽ ഒരു നൊമ്പരം ബാക്കിയാണ് - കിട്ടുന്ന സമ്മാനങ്ങൾ സൂക്ഷിച്ചു വയ്ക്കാനിടമില്ല. സ്വന്തമായുള്ള അഞ്ചു സെന്റ്‌ ഭൂമിയിൽ പഞ്ചായത്തിന്റെ കാരുണ്യത്താൽ കിട്ടിയ രണ്ടു മുറി വീട്ടിൽ പരിമിതികൾക്ക്‌ നടുവിലാണ് അമിൽ. മത്സ്യത്തൊഴിലാളിയായ രഞ്ജിത്തിന്റെയും കശുഅണ്ടി തൊഴിലാളിയായ സീനയുടെയും മകനാണ് അമിൽ. ഒന്നാം ക്ലാസുകാരി അനുഗ്രഹ സഹോദരിയാണ്.