തിരുവനന്തപുരം: അരിപ്പ ഭൂസമരം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ കഞ്ഞിവയ്‌പ് സമരത്തിനെത്തിയ ഇരുന്നൂറോളം ആദിവാസികളേയും ദളിതരേയും കുട്ടികളെയും വലിച്ചിഴച്ച് അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ഒ. രാജഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സമരസമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷനായി. ഏകതാപരിഷത്ത് പ്രസിഡന്റ് വടക്കോട് മോനച്ചൻ,​ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു,​ ശശികുമാർ മലയിൻകീഴ്,​ ജിജോ ജെയ്സ്,​ ബെവിൻസാം,​ വി. രമേശൻ,​ സുനി ഡി,​ മണിലാൽ,​ ഷിജോ എം.ജെ എന്നിവർ സംസാരിച്ചു.