വക്കം: പുതുവത്സരദിനത്തിൽ യുവാക്കളെ അകാരണമായി ലോക്കപ്പിലിട്ട് മർദ്ദിച്ച എസ്ഐ, പൊലീസുകാരൻ എന്നിവർക്കെതിരെ മനുഷ്യാവകാശ കമ്മിഷനും. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. ചിറയിൻകീഴ് എസ്.ഐ ബിനീഷ്, പൊലീസുകാരൻ ശരത്ത് എന്നിവർക്കെതിരെയാണ് വക്കം അടിയിൽക്കുന്നു വീട്ടിൽ ശബരി (28) പരാതി നൽകിയത്.
കഴിഞ്ഞ 31 ന് ശബരിയും സുഹൃത്ത് സുബിനും രാത്രി വർക്കല നിൽക്കുമ്പോൾ, സുഹൃത്തായ ദിനേശൻ ചിറയിൻകീഴ് വലിയകടയിലുണ്ടെന്നും കുട്ടിക്കൊണ്ടു പോകണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശബരിയും സുബിനും ദിനേശിന കൂട്ടിക്കൊണ്ടുവരുന്ന വഴിയിൽ മദ്യപിച്ചെത്തിയ രണ്ടു പേർ ഇവരുടെ ബൈക്ക് തടയുകയും, വാഹനത്തിന്റെ താക്കോൽ കൈക്കലാക്കുകയും ചെയ്തു. ഇതിനിടെ നാലഞ്ച് ബൈക്കുകളിലെത്തിയ പത്തോളം പേർ ചേർന്ന് ഇവരെ മർദ്ദിച്ചു. ഇതിനിടെ അതുവഴി വന്ന ചിറയിൻകീഴ് എസ്.ഐയും സംഘവും മർദ്ദനമേറ്റവരെയും അക്രമികളിൽ പെട്ട രണ്ട് പേരെയും കസ്റ്റഡിലെടുക്കുകയായിരുന്നു. ഇവരെ സ്റ്റേഷനിലെത്തിച്ചെങ്കിലും ശബരിയടക്കം മുള്ളവരുടെ വാക്കുകൾ പൊലീസ് മുഖവിലയ്ക്കെടുത്തില്ല. അർദ്ധരാത്രിയോടെ എസ്.ഐ ബിനീഷിന്റെയും പൊലീസുകാരനായ ശരത്തിന്റെയും നേതൃത്വത്തിൽ കൊടിയ മർദ്ദനമായിരുന്നതായി ശബരി പറഞ്ഞു. അതിനിടെ മർദ്ദനത്തിന് ഇരയായ ഒരാളുടെ വീട്ടിൽ പൊലീസും സി.പി.എം നേതാക്കളുമെത്തി ഭിഷണിപ്പെടുത്തിയതായും പരാതിയുണ്ട്.