തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും നിന്നു ബംഗളൂരുവിലേക്കുള്ള ഹംസഫർ എക്സ്പ്രസ് പ്രതിദിനമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തടസവുമായി സേലം ഡിവിഷൻ. ആഴ്ചയിൽ 2 ദിവസം ഓടുന്ന ട്രെയിൻ പ്രതിദിനമാക്കാൻ ഏറെക്കാലത്തെ സമർദ്ദങ്ങൾക്കൊടുവിൽ തിരുവനന്തപുരം, ബംഗളൂരു ഡിവിഷനുകൾ തയ്യാറായപ്പോഴാണ് സേലം ഡിവിഷന്റെ റെഡ് സിഗ്നൽ. തിരുവനന്തപുരം ഡിവിഷന്റെ നിർദ്ദേശം റെയിൽവേ തത്വത്തിൽ അംഗീകരിച്ചതുമാണ്. എന്നാൽ ട്രെയിൻ കടന്നു പോകുന്ന എല്ലാ ഡിവിഷനുകളിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ സർവീസ് പ്രതിദിനമാക്കാൻ കഴിയൂ. അതിനായി ബംഗളൂരു, പാലക്കാട് ഡിവിഷനുകൾ അനുമതി നൽകിയപ്പോൾ ട്രെയിനിന് ടൈം സ്ലോട്ട് നൽകാൻ സേലം ഡിവിഷൻ തയാറായില്ല.
ബംഗളൂരുവിലേക്ക് ആവശ്യത്തിനു ട്രെയിനില്ലെന്ന പരാതിയുള്ളതിനാൽ കൊച്ചുവേളി–ബാനസവാടി ഹംസഫർ എക്സ്പ്രസ് പ്രതിദിനമാക്കാൻ ദക്ഷിണ റെയിൽവേ സമ്മതം മൂളിയിരുന്നു. എന്നാൽ പ്ലാറ്റ്ഫോം സൗകര്യമില്ലെന്ന് പറഞ്ഞ് ഉടക്കിട്ട് നിൽക്കുകയായിരുന്നു ബംഗളൂരു ഡിവിഷൻ.
മാർച്ചിൽ ബംഗളൂരുവിലെ പുതിയ ടെർമിനൽ തുറക്കുമ്പോൾ പ്രതിദിന സർവീസ് അനുവദിക്കാമെന്ന്
പിന്നീട് ബംഗളൂരു ഡിവിഷന്റെ പ്രതികരണം വന്നപ്പോൾ തടസങ്ങളെല്ലാം നീങ്ങിയെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ.
ഹംസഫർ
അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ലഭിച്ചതാണ് ഹംസഫർ എക്സ്പ്രസ്. ആഴ്ചയിൽ 2 ദിവസം സർവീസ് നടത്തുന്ന ട്രെയിൻ പ്രതിദിനമാക്കുമെന്ന് അന്നത്തെ റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈൻ പ്രഖ്യാപിച്ചെങ്കിലും 2 വർഷമായിട്ടും ഒന്നും സംഭവിച്ചിട്ടില്ല. സേലം, ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഡിവിഷനായതിനാൽ അവർ തന്നെ പ്രശ്നങ്ങൾ പരിഹരിക്കട്ടേയെന്ന നിലപാടാണ് ബംഗളൂരു ഡിവിഷനുള്ളത്.