കോവളം: ഡോക്ടറുടെ സേവനം യഥാസമയം ലഭിക്കാത്തതിനാൽ തിരുവല്ലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. പി.എച്ച്.സിയിലെ ഡോക്ടറാകട്ടെ പല ദിവസങ്ങളിലും കോൺഫറൻസിലായിരിക്കും. ഫാർമസിസ്റ്റ് നീണ്ട അവധിയിലും. ഡോക്ടർ ഇല്ലാത്ത സമയം പകരം മറ്റൊരു ഡോക്ടറുടെ സേവനം ലഭ്യമാക്കൻ ആരോഗ്യ വകുപ്പോ നഗരസഭാധികൃതരോ നടപടി സ്വീകരിച്ചിട്ടില്ല. ഇതോടെ ചികിത്സ തേടിയെത്തുന്ന നൂറുകണക്കിനു രോഗികൾ ബുദ്ധിമുട്ടിലായി. തിരുവല്ലം നഗരസഭയുടെ സോണൽ ആഫീസിന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇങ്ങനെയൊരു ഗതികേട്. ഒരു ഡോക്ടർ ഇല്ലെങ്കിൽ പകരം സ്ഥിരം ഡോക്ടറുടെ നിയമനമില്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കാണ് ചികിത്സ ലഭിക്കാത്ത അവസ്ഥയുള്ളതെന്ന് പറയുന്നു. വിവിധ രാഷ്ടിയപാർട്ടികളുടെ പ്രതിഷേധ സമരത്തെ തുടർന്നാണ് തിരുവല്ലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വർഷങ്ങൾക്ക് മുമ്പ് രണ്ട് ഡോക്ടർമാരെ നിയമിച്ചിരുന്നത്. എന്നാൽ അധികം താമസിയാതെ അധികൃതർ ഒരു ഡോക്ടറെ പിൻവലിക്കുകയായിരുന്നു. നിലവിലുള്ള ഡോക്ടറാകട്ടെ ഫീൽഡിൽ പേകുമ്പോൾ പല ദിവസങ്ങളിലും സെന്റർ പ്രവർത്തനരഹിതമായി മാറുകയാണ്. ജില്ലയിലെ പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ സർക്കാർ നടപടിയെടുക്കുമ്പോഴാണ് തിരുവല്ലം പി.എച്ച്.സിക്ക് ഇങ്ങനെയൊരു ഗതികേട്. ഇവിടെ ഡോക്ടർ, ഫാർമസിസ്റ്റ്, അറ്റൻന്റർ, ഗ്രേഡ് .2, പി.ടി.എസ്, ക്ലർക്ക്, ഓഫീസ് അറ്റന്റർ എന്നീ ഏഴ് ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെ 25 പേരാണ് ഇവിടെ ജോലിയിൽ ഉള്ളത്. എന്നാൽ ഓഫീസ് സ്റ്റാഫുകൾ ഒഴിച്ച് ബാക്കിയുള്ളവർ ഫീൽഡിലായിരിക്കുമെന്ന് പറയുന്നു. ആർദ്രം പദ്ധതി നടപ്പിലായാൽ ആറു തസ്തികൾ കൂടി ഉണ്ടാകും. ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം മുടങ്ങാതെ ഡോക്ടറുടെ സേവനം ഉറപ്പു വരുത്താൻ അധികൃതർ തയ്യാറാകണമെന്ന് തിരുവല്ലം പരശുരാമനഗർ, ഇടയാർ നിവാസികൾ ആവശ്യപ്പെട്ടു.
തിരുവല്ലം പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും. പ്രശ്നത്തിൽ നഗരസഭയുടെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടറെയും ഫാർമസിസ്റ്റിനെയും നിയമിക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കും -ഡി.എം.ഡി.എം.ഒ. ഡോ. ജോസ് ജി. ഡിക്രൂസ്.