govt-medical-college-tvm

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സ്ട്രക്ചറുകൾക്കും വീൽചെയറുകൾക്കും കടുത്ത ക്ഷാമം. ഗുരുതമായി പരിക്കേറ്റവരെ ആംബുലൻസിൽ നിന്നു പുറത്തിറക്കാൻ പോലും ഒരെണ്ണം കിട്ടാതെ കൂട്ടിരിപ്പുകാർ നെട്ടോട്ടത്തിലാണ്. രോഗികൾക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിനുശേഷം വാർഡുകളിലേക്കും പരിശോധനകൾക്കുമായി രോഗികളെ കൊണ്ടുപോകുന്ന സ്ട്രെക്ചറുകളും വീൽചെയറുകളും യഥാസമയം തിരികെ എത്തിക്കാൻ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തതാണ് പ്രവർത്തനം തകിടം മറിയാൻ കാരണം.

ഓരോ ഷിഫ്റ്റിലും 10 അറ്റൻഡർമാരെങ്കിലും ഉണ്ടെങ്കിലേ പ്രവർത്തനം സുഗമമായി നടക്കുകയുള്ളൂ. സർജറി, ഓർത്തോ, മെഡിക്കൽ, ഒ.പി കൗണ്ടർ, ഐ.സി.യു, എമർജൻസി ഓപറേഷൻ തിയേറ്റർ ഉൾപ്പെടുന്ന അത്യാഹിത വിഭാഗത്തിൽ ഡൂട്ടിക്കായി ഒരു ഷിഫ്റ്റിൽ നിയോഗിക്കുന്നത് 6 ജീവനക്കാരെ മാത്രമാണ്. കരാർ കാലാവധി അവസാനിച്ചതോടെ കുറച്ച് ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്നു മാറ്റി നിറുത്തിയിരിക്കുകയുമാണ്.
കണക്ക് പ്രകാരം 80 ഓളം സ്ട്രക്ച്ചറുകളും 50 ഓളം വീൽചെയറുമാണ് അത്യാഹിതവിഭാഗത്തിന് സ്വന്തമായുള്ളത്. ഇതിൽ ഭൂരിഭാഗവും ഇപ്പോൾ കാണ്മാനില്ല. വിവിധ വാർഡുകളിൽ വെച്ച് പലതും അപ്രത്യക്ഷമായി. കേടുപാട് സംഭവിച്ചവ വർക്ക് ഷോപ്പിലുമാണ്. ഉപയോഗത്തിൽ ഉള്ളവയിൽ വീലുകൾ കറങ്ങാത്ത അവസ്ഥയിലുമാണ്. വാർഡുകളിലും ഒ.പിയിലും അത്യാഹിതവിഭാഗത്തിന്റെ സ്ട്രക്ചറുകളും വീൽചെയറുകളും അത്യാഹിതവിഭാഗം എന്ന ഭാഗം പെയിന്റുകൊണ്ട് മറച്ചു ഉപയോഗിക്കുന്നതായി ആക്ഷേപം നിലവിലുണ്ട്. അത്യാഹിത വിഭാഗത്തിൽ തിരക്ക് വർദ്ധിക്കുമ്പോൾ സ്ട്രെക്ചറുകൾ നൽകാനാവാത്ത അവസ്ഥയാണ് ഇതുമൂലമുള്ളത്. മാസ് കാഷ്വാലിറ്റി ഉണ്ടാകുമ്പോൾ പെട്ടെന്ന് ഉപയോഗിക്കാനായി മാറ്റിവെച്ചിട്ടുള്ള കരുതൽ സ്ട്രെക്ചറുകളും വീൽചെയറുകളും നൽകിയാണ് പ്രശ്നം ഒരു പരിധിവരെ പരിഹരിക്കുന്നത്.