malayinkil

മലയിൻകീഴ്: വിളപ്പിൽശാല പഞ്ചായത്ത് വക പൊതുമാർക്കറ്റിനുള്ളിൽ മാലിന്യം നീക്കം ചെയ്ത് വിദ്യാർത്ഥികളൊരുക്കിയ ഹരിത ഉദ്യാനം മണ്ണിട്ട് മൂടിയതായി പരാതി. നിറയെ പൂവുകളുണ്ടായിരുന്ന ചെമ്പകം, തെച്ചി, കനകാമ്പരം തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം അധികൃതരുടെ അറിവോടെ നശിപ്പിച്ചത്. പേയാട് സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി 2018 ലാണ് 50 വിദ്യാർത്ഥികളുടെ അദ്ധ്വാനത്തിന്റെ ഫലമായി പൂന്തോട്ടം നിർമ്മിച്ചത്. കഴിഞ്ഞ ദിവസം ഒപ്പം പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്ലെറ്റുകൾ സ്ഥാപിക്കാൻ വേണ്ടി ജെ.സി.ബി ഉപയോഗിച്ച് എടുത്ത മണ്ണ് മുഴുവൻ ഹരിത ഉദ്യാനത്തിലേക്ക് ഇടുകയായിരുന്നു. ഹരിത ഉദ്യാനത്തിനൊപ്പം മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ 6000 രൂപ വിനിയോഗിച്ച് വിദ്യാർത്ഥികൾ സ്ഥാപിച്ചിരുന്ന ലോഹ നിർമ്മിത കൂടും ഉപയോഗിക്കാതെ കിടക്കുകയാണ്.